നരോവലിലെ മുരിദ്ക്കെ, ഷാക്കര്‍ഘട്ട് തുടങ്ങിയ മേഖലകളില്‍ നിരവധി ഭീകരപരിശീലന ക്യാമ്പുകള്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമുള്‍പ്പടെയുള്ളവര്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നതായും വിവരമുണ്ട്. 

ദില്ലി: കര്‍താപൂര്‍ ഇടനാഴി തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജന്‍സികളാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാകിസ്താന്‍ അതിര്‍ത്തി ജില്ലയായ നരോവല്‍ കേന്ദ്രീകരിച്ച് ഭീകരക്യാമ്പുകള്‍ സജീവമായിട്ടുണ്ടെന്നും മുന്‍കരുതല്‍ വേണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

നരോവലിലെ മുരിദ്ക്കെ, ഷാക്കര്‍ഘട്ട് തുടങ്ങിയ മേഖലകളില്‍ നിരവധി ഭീകരപരിശീലന ക്യാമ്പുകള്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമുള്‍പ്പടെയുള്ളവര്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നതായും വിവരമുണ്ട്. പാകിസ്താന്‍ മൊബല്‍ നെറ്റുവര്‍ക്കുകള്‍ ഇന്ത്യന്‍ അതിര്‍ത്തിഭാഗങ്ങളില്‍ റേഞ്ച് ലഭിക്കുന്നതതായി സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് അതിര്‍ത്തി ജില്ലയില്‍ ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരം പുറത്ത് വരുന്നത്.

നവംബര്‍ ഒന്‍പതിനാണ് കര്‍താപൂര്‍ ഇടനാഴി തുറന്ന് കൊടുക്കുന്നത്. ഗുരുനാനാക്കിന്റെ 550 ജന്മ വാർഷിക ദിനമായ നവംബർ 9 -ന് 550 സിഖ് തീർത്ഥാടകർ അടങ്ങുന്ന ആദ്യസംഘത്തോടൊപ്പം ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കർത്താർപൂർ കോറിഡോർ ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഒപ്പം ഗുരുനാനാക്കിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്കും തുടക്കമാകും. സുരക്ഷാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്രം സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.