Asianet News MalayalamAsianet News Malayalam

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം, കശ്മീരി പണ്ഡിറ്റ് സഹോദരങ്ങൾക്ക് നേരെ വെടിയുതിര്‍ത്തു, ഒരു മരണം

ആറ് ദിവസത്തിനിടയിലെ എട്ടാമത്തെ ഭീകരാക്രമണമാണിത്. ഇന്നലെ രാത്രിയും ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം നടന്നിരുന്നു. 

Terrorist attack in Jammu and Kashmir one dead
Author
Srinagar, First Published Aug 16, 2022, 1:11 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റ് സഹോദരങ്ങൾക്ക് നേരെ ഭീകരരുടെ ആക്രമണം. വെടിയേറ്റ് ഒരാൾ മരിച്ചു. പരിക്കേറ്റ സഹോദരൻ  ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 24 മണിക്കൂറിനിടെ കശ്മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഷോപ്പിയാനിലെ ഗ്രാമത്തിലെ ആപ്പിൾ തോട്ടത്തിൽ വെച്ചായിരുന്നു സഹോദരങ്ങൾക്ക് നേരെ ഭീകരർ വെടിവച്ചത്. വെടിയേറ്റ സുനിൽ കുമാറാണ്  കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ പിന്‍റു കുമാർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

മൂന്ന് മാസങ്ങൾക്ക് മുമ്പ് ബഡ്ഗാമിൽ കശ്മീരി പണ്ഡിറ്റിനെ സർക്കാർ ഓഫീസിൽ വെച്ച് ഭീകരർ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മെയിൽ സർക്കാർ സ്കൂൾ അധ്യാപികയായ രജനി ബാല എന്ന കശ്മീരി പണ്ഡിറ്റിനെയും കൊലപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ വെടിവെച്ച് കൊന്നിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി. നാഷണൽ കോൺഫറൻസ്, പി ഡി പി തുടങ്ങിയ പാർട്ടികളും കൊലപാതകത്തെ അപലപിച്ചു. സംഭവത്തെ തുടർന്ന് വിവിധയിടങ്ങളിൽ കശ്മീരി പണ്ഡിറ്റുകൾ റോഡുകൾ ഉപരോധിച്ചു. 

കശ്മീരില്‍ ഐടിബിപി ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു, 6 മരണം

കശ്മീരിൽ ഐ ടി ബി പി ജവാന്മാർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ആറ് മരണം. ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോയ ഐ ടി ബി പി യുടെ  ബസാണ് ഫ്രിസ്ലാൻ മേഖലയിൽ വച്ച് നദിയിലേക്ക് മറിഞ്ഞത്. 37 ജവാന്മാരും രണ്ട് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥരുമാണ് ബസില്‍ ഉണ്ടായിരുന്നത്. അമർനാഥ് യാത്ര ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം. ബ്രേക്കിന് തകരാർ സംഭവിച്ച ബസ് രണ്ട് തവണ മറിഞ്ഞ് നദിക്ക് കരയിൽ ചെന്ന് പതിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മുഴുവൻ പേർക്കും പരിക്കേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ എട്ട് ജവാന്മാരെ അപകട സ്ഥലത്ത് നിന്ന് എയർലിഫ്റ്റ് ചെയ്ത് ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ അനന്ത് നാഗിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവത്തനം നടത്തിയത്. അപകടത്തിന്‍റെ കാരണത്തെ കുറിച്ച് ഐ ടി ബി പി അന്വേഷണം നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios