കശ്മീര്‍: ശ്രീനഗറിലെ പന്താചൗക്കിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം. മൂന്നു ഭീകരരാണ് വെടിവച്ചത്. സ്ഥലത്ത് ഏറ്റുമുട്ടൽ നടക്കുകയാണ്. സംയുക്ത സേനാ വിഭാഗങ്ങള്‍ സ്ഥലങ്ങള്‍ വളഞ്ഞതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരച്ചില്‍ തുടരുന്നതിനിടെ ഭീകരര്‍ വീണ്ടും വെടിവെച്ചതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നേരത്തെ, ജമ്മു കശ്മീരിലെ ഇന്ത്യ - പാക് അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തിയിരുന്നു. പാകിസ്ഥാന്‍ സഹായത്തോടെ തീവ്രവാദികള്‍ നിര്‍മ്മിച്ചതാണെന്നാണ് തുരങ്കമെന്ന് അതിര്‍ത്തി രക്ഷാ സേന അറിയിച്ചത്. ജമ്മു കശ്മീരിലെ സാംബയില്‍ മണ്ണിടിഞ്ഞു താഴുന്നത് ശ്രദ്ധയില്‍ പെട്ടതോടെ നടത്തിയ പരിശോധനയിലാണ് അതിര്‍ത്തി രക്ഷാസേന തുരങ്കം കണ്ടെത്തിയത്.

തുരങ്ക മുഖം മണല്‍ച്ചാക്കുകള്‍ നിറച്ച് അടച്ചിരിക്കുകയായിരുന്നു. 20 മീറ്ററിലധികം തുരങ്കത്തിന് നീളമുണ്ട്. പാകിസ്ഥാന്‍ ചെക്ക് പോസ്റ്റിന് 400 മീറ്റര്‍ മാത്രം അകലെയാണ് തുരങ്കം അവസാനിക്കുന്നത്. പാക് ഒത്താശയില്ലാതെ തുരങ്കം നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍.

തുരങ്ക മുഖത്തുനിന്നു കണ്ടെത്തിയ മണല്‍ച്ചാക്കില്‍ കറാച്ചിയിലെ കെമിക്കല്‍ ഫാക്ടറിയുടെ വിലാസമുണ്ടായിരുന്നു. ചാക്കിന് അധികം പഴക്കമില്ലാത്തതിനാല്‍ തുരങ്കം അടുത്ത് നിര്‍മ്മിച്ചതെന്ന നിഗമനത്തിലാണ് സുരക്ഷാ സേന. അതിര്‍ത്തിയില്‍ പരിശോധന കൂട്ടാന്‍ ബി‌എസ്‌എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താന നിര്‍ദ്ദേശം നല്‍കി.