അഹമ്മദാബാദ്: ഗുജറാത്തിലെ ഠാക്കോര്‍ സമുദായം ജാതി മാറി വിവാഹം കഴിക്കുന്നതും അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതും വിലക്കി. ബനസ്കന്ദ ജില്ലയിലെ 12 ഗ്രാമങ്ങളിലാണ് ഠാക്കോര്‍ സമുദായം പുതിയ'നിയമം' ഏര്‍പ്പെടുത്തിയത്. പെണ്‍കുട്ടികള്‍ ഇതര ജാതിയിലെ പുരുഷന്മാരെ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ മാതാപിതാക്കള്‍ 1.5ലക്ഷം രൂപ പിഴ നല്‍കണമെന്നും സമുദായ നേതാക്കള്‍ തീരുമാനിച്ചു. ഠാക്കോര്‍ സമുദായത്തില്‍പ്പെട്ട പുരുഷന്‍ അന്യജാതിയില്‍നിന്ന് വിവാഹം കഴിച്ചാല്‍ രണ്ട് ലക്ഷമാണ് പിഴ.

അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ മാതാപിതാക്കളായിരിക്കും ഉത്തരവാദി. 14ന് ജെഗോല്‍ ഗ്രാമത്തില്‍ ചേര്‍ന്ന സമുദായ യോഗത്തിലാണ് തീരുമാനമെടുത്തത്. 800ഓളം സമുദായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് എംഎല്‍എ ഗെന്‍ജിബെന്‍ നാഗജിയുള്‍പ്പെടെയുള്ള പ്രമുഖര്‍ യോഗത്തിന് എത്തിയിരുന്നു. യോഗ തീരുമാനത്തെ എംഎല്‍എ സ്വാഗതം ചെയ്തു.

സമുദായത്തിലെ നിരവധി ചെറുപ്പക്കാരാണ് ഇതര ജാതിയില്‍നിന്ന് വിവാഹം കഴിക്കുന്നതെന്നും അടുത്ത കാലത്തായി ഏകദേശം പത്തോളം ആത്മഹത്യകള്‍ മിശ്രവിവാഹത്തെ തുടര്‍ന്നുണ്ടായെന്നും എംഎല്‍എ പ്രതികരിച്ചു. നല്ലതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അവര്‍ പറഞ്ഞു. ഭാവിയില്‍ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കും മൊബൈല്‍ ഫോണ്‍ വിലക്കുമെന്നും അവര്‍ വ്യക്തമാക്കി.