Asianet News MalayalamAsianet News Malayalam

'ഞങ്ങളാരും ഭീകരവാദികളല്ല'; കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് താരിഗാമി

തങ്ങളാരും ഭീകരവാദികളല്ല. തങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഒരു പ്രദേശത്തെ വാർത്ത വിനിമയം, സഞ്ചാര സ്വാതന്ത്ര്യം, കച്ചവടം, വിദ്യാഭ്യാസം, ആശുപത്രി എല്ലാം നിശ്ചലമാണ്

tharigami and yechuri press meet kashmir issue
Author
Delhi, First Published Sep 17, 2019, 5:36 PM IST

ദില്ലി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് കശ്മീരില്‍ നിന്നുള്ള സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമി. കശ്മീരിലെ ജനങ്ങളും ഇന്ത്യക്കാരാണ്. കശ്മീരും ഇന്ത്യയും തമ്മിലുള്ള ബാന്ധവത്തെയാണ് കേന്ദ്രസര്‍ക്കാര്‍ ആക്രമിച്ചതെന്നും താരിഗാമി പറഞ്ഞു. കേന്ദ്രസർക്കാർ പറയുന്നതിനു വിരുദ്ധമാണ് കശ്‍മീരിലെ സ്ഥിതിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കശ്മീരിലെ സ്ഥിതി ചൂണ്ടിക്കാട്ടി സിപിഎം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

നാല്പത് ദിവസത്തിലേറെയായി തൊഴിലെടുക്കാന്‍ പോലും ആകാത്ത സ്ഥിതിയിലാണ് കശ്മീരിലെ ജനങ്ങളെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വൈദ്യുതിയോ സുഗമമായ ഗതാഗതസംവിധാനമോ അവിടെയില്ല. ആശുപത്രികളില്‍ ആവശ്യത്തിനു മരുന്ന് പോലും ഇല്ലാത്ത അവസ്ഥയാണ്. നാല് തവണ എംഎല്‍എ ആയ വ്യക്തിയാണ് താരിഗാമി. അദ്ദേഹത്തെയാണ് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. ഭീകരവാദത്തിന് എതിരായ സമരത്തിന്റെ പേരിൽ ജന പ്രതിനിധികളെ തടവിൽ ആക്കുന്നത് എന്തിനാണ്. ഫാറൂഖ് അബ്ദുള്ളയുടെ അറസ്റ്റ് അംഗീകരിക്കാനാവുന്നതല്ല. കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നിലനിര്‍ത്താന്‍ യത്നിച്ച വ്യക്തിയാണ് അദ്ദേഹം, അത് മറക്കരുത്. താരിഗാമിക്ക് ദില്ലിയിൽ എത്താൻ അനുവാദം നൽകിയ സുപ്രിം കോടതിയോട് നന്ദി അറിയിക്കുന്നതായും യെച്ചൂരി പറഞ്ഞു.

സംരക്ഷിക്കേണ്ടവര്‍ തന്നെ കശ്മീരിനെ അപമാനിച്ചു എന്നാണ് താരിഗാമി അഭിപ്രായപ്പെട്ടത്. തങ്ങളാരും ഭീകരവാദികളല്ല. തങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഒരു പ്രദേശത്തെ വാർത്ത വിനിമയം, സഞ്ചാര സ്വാതന്ത്ര്യം, കച്ചവടം, വിദ്യാഭ്യാസം, ആശുപത്രി എല്ലാം നിശ്ചലമാണ്. നേതാക്കൾ വീട്ടു തടങ്കലിലാണ്. കുട്ടികൾ പോലും ആക്രമിക്കപ്പെടുന്നു. മനുഷ്യാവകാശം ചവിട്ടിയരയ്ക്കപ്പെട്ടു. പതിയെ പതിയെ കശ്മീരും കാശ്മീരികളും മരിച്ചു കൊണ്ടിരിക്കുകയാണെന്നും താരിഗാമി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios