പെണ്‍കുട്ടിയുടെ അച്ഛന്‍ മാണിക്യത്തെ ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞു. 

ചെന്നൈ: ചെന്നൈയില്‍ ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പിടിയില്‍. ചെന്നൈ തൊരൈപാക്കത്തുവെച്ചാണ് പ്രതി ആദംപാക്കം സ്വദേശി സതീഷ് പൊലീസ് പിടിയിലായത്. സത്യയുടെ അയല്‍വാസിയാണ് പ്രതിയായ സതീഷ്. സതീഷിന്‍റെ പിതാവ് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയതിനെ തുടർന്ന് മാതാപിതാക്കൾ മുമ്പ് മാമ്പലം പൊലീസ് സ്റ്റേഷനിൽ സതീഷിനെതിരെ പരാതി നൽകിയിരുന്നു.

മകളുടെ മരണത്തിന് പിന്നാലെ സത്യയുടെ അച്ഛന്‍ മാണിക്യം ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മാണിക്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചത്. മദ്യത്തില്‍ വിഷം കലര്‍ത്തി കുടിച്ചാണ് മരിച്ചത്. 

തിരക്കേറിയ ചെന്നൈ സെന്‍റ് തോമസ് മൗണ്ട് സബ് അർബൻ സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത്. ചെന്നൈയിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു സത്യ. സത്യയുടെ പുറകെ ഏറെനാളായി പ്രണയാഭ്യർത്ഥനയുമായി സതീഷ് പിന്തുടര്‍ന്നിരുന്നു. ക്ലാസിന് ശേഷം മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് ഇയാൾ റെയിൽവേ സ്റ്റേഷനിലെത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ സത്യയെ ഇയാൾ താംബരത്തുനിന്ന് എഗ്മോറിന് പോവുകയായിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിനിന് അടിയില്‍പ്പെട്ട് സത്യ തൽക്ഷണം മരിച്ചു. 

Read Also : മകളുടെ മരണത്തില്‍ ഹൃദയം തകര്‍ന്നു; യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്ന യുവതിയുടെ അച്ഛൻ മരിച്ചു

കൊലപാതകത്തിന് പിന്നാലെ സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ആർക്കും ഇയാളെ പിടികൂടാനായില്ല. റെയിൽവേ പൊലീസടക്കം പിന്നാലെ സ്ഥലത്തെത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് തൊരൈപാക്കത്തുവെച്ച് പ്രതിയെ പൊലീസ് പിടികൂടിയത്. ആദമ്പാക്കം പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ് കൊല്ലപ്പെട്ട സത്യയുടെ മാതാവ് രാമലക്ഷ്മി.