18 വയസ്സിന് താഴെയുള്ള ഒരാൾക്ക് ലൈംഗിക ബന്ധത്തിന് സാധുവായ സമ്മതം നൽകാൻ കഴിയില്ലെന്ന നിയമപരമായ അനുമാനത്തെ ഭരണഘടനാ ചട്ടക്കൂട് പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രം പറഞ്ഞു

ദില്ലി: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 18 വയസ്സിൽ നിന്ന് കുറയ്ക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ, കൗമാരക്കാരുടെ പ്രണയവും ശാരീരികവുമായ ബന്ധങ്ങളിൽ ജുഡീഷ്യൽ വിവേചനാധികാരം ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ പ്രയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു. 18 വയസ്സായി നിശ്ചയിച്ചിട്ടുള്ള നിയമപരമായ പ്രായം കർശനമായും ഏകീകൃതമായും നടപ്പിലാക്കണം. പരിഷ്കരണത്തിന്റെ പേരിൽ പോലും, ഈ മാനദണ്ഡത്തിൽ നിന്നുള്ള ഏതൊരു വ്യതിയാനവു, കുട്ടികളുടെ സംരക്ഷണ നിയമത്തിലെ പുരോഗതിയെ പിന്നോട്ടടിക്കുന്നതിനും, 2012 ലെ പോക്സോ ആക്ട് , ബിഎൻഎസ് പോലുള്ള നിയമങ്ങളുടെ സ്വഭാവത്തെ ദുർബലപ്പെടുത്തുന്നതിനും തുല്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

18 വയസ്സിന് താഴെയുള്ള ഒരാൾക്ക് ലൈംഗിക ബന്ധത്തിന് സാധുവായ സമ്മതം നൽകാൻ കഴിയില്ലെന്ന നിയമപരമായ അനുമാനത്തെ ഭരണഘടനാ ചട്ടക്കൂട് പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രം പറഞ്ഞു. പ്രായത്തിൽ ഇളവ് നൽകിയാൽ സമ്മതത്തോടെയുള്ള ലൈം​ഗിക ബന്ധത്തിന്റെ മറവിൽ ദുരുപയോഗത്തിന് വഴിയൊരുക്കുമെന്നും കേന്ദ്രം പറഞ്ഞു.

അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ, 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 10 വർഷത്തിൽ നിന്ന് 1891-ലെ സമ്മത പ്രായ നിയമപ്രകാരം 12 വർഷമായും 1925-ലെ ഐപിസി ഭേദഗതിയിലൂടെയും 1929-ലെ ശാരദ നിയമത്തിലൂടെയും (ബാലവിവാഹ നിയന്ത്രണ നിയമം) 14 വർഷമായും 1940-ലെ ഐപിസി ഭേദഗതിയിലൂടെ 16 വർഷമായും 1978-ലെ ശൈശവ വിവാഹ നിയന്ത്രണ നിയമത്തിലെ ഭേദഗതിയിലൂടെ 18 വർഷമായും വർദ്ധിപ്പിച്ചത് എങ്ങനെയെന്ന് കേന്ദ്രം വിശദീകരിച്ചു.

ഇന്ത്യൻ നിയമപ്രകാരം സമ്മത പ്രായം 18 വയസ്സായി നിശ്ചയിച്ചിരിക്കുന്നത്, കുട്ടികൾക്കായി ഒരു വിട്ടുവീഴ്ചയില്ലാത്ത സംരക്ഷണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന കുട്ടികൾക്ക് നൽകുന്ന സംരക്ഷണത്തിൽ നിന്നാണ് 18 വയസ്സ് പ്രായപരിധി ഉയർന്നുവന്നതെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം, കൗമാരപ്രണയങ്ങളും ശാരീരിക ബന്ധവും ഓരോ കേസും അനുസരിച്ച് ജുഡീഷ്യറിക്ക് വിവേചനാധികാരം പ്രയോഗിക്കാമെന്നും കേന്ദ്രംകൂട്ടിച്ചേർത്തു.

കൗമാര പ്രണയത്തിന്റെ മറവിൽ, സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 18 വയസ്സിൽ നിന്ന് കുറയ്ക്കുന്നത് നിയമപരമായി ശരിയല്ലെന്നും പ്രായപൂർത്തിയാകാത്തവരുടെ വൈകാരിക ആശ്രയത്വമോ നിശബ്ദതയോ പീഡകർക്ക് നിയമപരമായ സൗകര്യം നൽകുമെന്നും സർക്കാർ പറഞ്ഞു.