Asianet News MalayalamAsianet News Malayalam

'ഗവര്‍ണറെ തിരിച്ചുവിളിക്കണം', രാഷ്ട്രപതിയെ കണ്ട് ഡിഎംകെ, ദില്ലിക്ക് തിരിക്കാന്‍ ഗവര്‍ണറും, പോര് മുറുകുന്നു

തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി, പാർലമെന്‍ററി പാർട്ടി നേതാവ് ടി ആർ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദില്ലിയിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടത്.

The battle between the tamil nadu government and the governor is intensifying
Author
First Published Jan 12, 2023, 5:00 PM IST

ചെന്നൈ: തമിഴ്നാട് സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. ഗവർണർ ആർ എൻ രവിയെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് ഡിഎംകെ ജനപ്രതിനിധികളുടെ സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടു. ഇതിന് പിന്നാലെ ഗവർണറും നാളെ ദില്ലിക്ക് തിരിക്കാൻ തീരുമാനിച്ചു.

തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി, പാർലമെന്‍ററി പാർട്ടി നേതാവ് ടി ആർ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദില്ലിയിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടത്. തമിഴ്നാട്ടിലെ അസാധാരണ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ‍ർ ആർ എൻ രവിയെ തിരികെ വിളിക്കണമെന്ന് ഇവർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സർക്കാർ തയ്യാറാക്കി ഗവർണർ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം ഗവർണർ സഭയിൽ പൂർണമായി വായിക്കാത്തതും ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തതും സെഷൻ തീരുംമുമ്പ് സഭവിട്ട് ഇറങ്ങിപ്പോയതും ഭരണഘടനാ തത്വങ്ങൾക്കും സഭാ നിയമങ്ങളുടെയും ലംഘനമാണെന്ന് സംഘം രാഷ്ട്രപതിയെ അറിയിച്ചു.

ഗവർണർ തുടർച്ചയായി ജനാധിപത്യവിരുദ്ധമായി പെരുമാറുകയാണെന്നും ഫെഡറൽ തത്വങ്ങൾ നഗ്നമായി ലംഘിക്കുകയാണെന്നും കാട്ടി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എഴുതിയ കത്തും സംഘം രാഷ്ട്രപതിക്ക് കൈമാറി. ഡിഎംകെ സംഘം രാഷ്ട്രപതിയെ കണ്ടതിന് തൊട്ടുപിന്നാലെ ദില്ലിക്ക് തിരിക്കാൻ ഗവർണറും തീരുമാനിച്ചു. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദില്ലിയിലെത്തുന്ന ഗവർണർ ശനിയാഴ്ച വരെ ദില്ലിയിൽ തുടരും. രാഷ്ട്രപതിയെ നേരിൽ കണ്ട് തന്‍റെ ഭാഗം വിശദീകരിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ തരുന്ന സൂചന. മറ്റാരൊക്കെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് വ്യക്തമല്ല.

നിരവധി ബില്ലുകൾ ഒപ്പിടാതെ അനന്തമായി വച്ചുതാമസിപ്പിക്കുന്നു, തുടർച്ചയായി ഹിന്ദുത്വ അനുകൂല പ്രസ്താവനകൾ നടത്തുന്നു എന്നീ പരാതികളും ഗവർണർക്കെതിരായി ഡിഎംകെ സംഘം രാഷ്ട്രപതിയെ അറിയിച്ചു. ജനാധിപത്യത്തെ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്കാൻ നടത്തുന്ന നീക്കം ഒന്നായി ചെറുക്കണം എന്നാവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളുമായും ഡിഎംകെ നേതൃത്വം ആശയവിനിമയം നടത്തി. ഡിഎംകെ സഖ്യത്തിലേയും യുപിഎയിലേയും മിക്ക കക്ഷികളും ഇക്കാര്യത്തിൽ ഇതിനകം ഡിഎംകെയെ പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും ഗവർണർക്കെതിരെ സ്വന്തം നിലയിൽ പരാമർശങ്ങൾ നടത്തരുതെന്ന ശക്തമായ നിർദ്ദേശമാണ് മുഖ്യമന്ത്രി സ്റ്റാലിൻ നൽകിയിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios