തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലുള്ള തിരുത്തുറൈപൂണ്ടിയിലെ സ്വകാര്യ സ്കൂളിൽ മൂന്ന് വയസുകാരനായ പ്രീ-കെ.ജി വിദ്യാർത്ഥിയെ ക്ലാസ് മുറിക്കുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി.
ചെന്നൈ: തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലുള്ള തിരുത്തുറൈപൂണ്ടിയിലെ സ്വകാര്യ സ്കൂളിൽ മൂന്ന് വയസുകാരനായ പ്രീ-കെ.ജി വിദ്യാർത്ഥിയെ ക്ലാസ് മുറിക്കുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. അധ്യാപിക പറയുന്നത് അനുസരിക്കാതിരിക്കുകയും വികൃതി കാണിക്കുകയും ചെയ്തതിനെ തുടർന്ന് കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടുവെന്നാണ് പരാതി. സംഭവത്തിൽ സ്കൂളിലെ ഒരു അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കും എതിരെ പോലീസ് കേസെടുത്തു. ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കൈകൾ കെട്ടിയ നിലയിൽ കുട്ടി എഴുന്നേൽക്കാൻ പ്രയാസപ്പെടുന്നതും കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതും വ്യക്തമാണ്. വനിതാ അറ്റൻഡറാണ് കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കെട്ടിയിട്ടതെന്നും, അധ്യാപിക സാക്ഷിയായി നിൽക്കുകയായിരുന്നുവെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വിനൈൽ ഷീറ്റിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ കുട്ടി താഴെ വീണാണ് കണ്ണിന് സമീപം പരിക്കേറ്റതെന്നാണ് പോലീസിന്റെ നിഗമനം.
സംഭവം പുറത്തറിഞ്ഞതിങ്ങനെ
സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതിനെ തുടർന്ന് പിതാവ് കാര്യം അന്വേഷിക്കുകയായിരുന്നു. അധ്യാപികയും വനിതാ അറ്റൻഡറും തന്നെ ഉപദ്രവിച്ചതായി കുട്ടി പിതാവിനോട് പറഞ്ഞു. തുടർന്ന് പിതാവ് സ്കൂളിലെത്തി ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കൈകൾ കെട്ടിയ നിലയിൽ കുട്ടി എഴുന്നേൽക്കാൻ ശ്രമിക്കുന്നതും, കെട്ടഴിക്കാനായി കയറിൽ കടിക്കുന്നതും, വേദനയും അസ്വസ്ഥതയും കാരണം ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടി നിലവിളിക്കുമ്പോൾ മറ്റ് കുട്ടികളും അധ്യാപികയെന്ന് കരുതുന്ന സ്ത്രീയും ക്ലാസ് മുറിയിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സി.സി.ടി.വി ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയ പിതാവ് തിരുത്തുറൈപൂണ്ടി പോലീസിനെ സമീപിച്ച് കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെടുകയായിരുന്നു. കുട്ടികളോടുള്ള ക്രൂരത, അനാസ്ഥ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ തിരുത്തുറൈപൂണ്ടി പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ രണ്ട് ജീവനക്കാരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.















