ഗെയിമിംഗ് പ്ലാറ്റ്‍ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ദില്ലി: ഓൺലൈൻ ഗെയിമിങ് നയരൂപീകരണത്തിന് മുന്നോടിയായുള്ള കരട് പുറത്തിറക്കി കേന്ദ്രസർക്കാർ. രാജ്യത്തെ ഓൺലൈൻ ഗെയിമിങിന് നിയമത്തിന്‍റെ ചട്ടക്കൂടൊരുക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ദില്ലി ഇലക്ട്രോണിക്സ് മന്ത്രാലയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കരട് പുറത്തിറക്കി. ഗെയിമിങ്ങിലെ വാതുവെപ്പിനും അതുസംബന്ധിച്ച പരസ്യങ്ങൾക്കും കർശന വിലക്ക് ഏർപ്പെടുത്തുമെന്നതാണ് കരടിലെ പ്രധാന നിർദേശം. ഫെബ്രുവരിയിൽ നിയമം പ്രാബല്യത്തിലാക്കാനാണ് ആലോചന.

രാജ്യത്ത് പ്രവർത്തിക്കാൻ ഗെയിമിങ് കമ്പനികൾക്ക് അനുമതി നൽകാനും പരാതി പരിഹാരത്തിനും പ്രത്യേക സമിതി രൂപീകരിക്കും. പ്രായപൂർത്തിയാകാത്തവർക്ക് ഗെയിമിങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കളുടെ സമ്മതം വേണ്ടിവരും. ഉപഭോക്താക്കൾക്ക് ഗെയിമിംഗ് അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ കെവൈസി നടപടി പൂർത്തിയാക്കണം. ഗെയമിലെ നിയമങ്ങളും മറ്റ് വിശദാംശങ്ങളും പണമിടപാട് രീതിയും ഉപഭോക്താക്കൾക്ക് വേണ്ടി പ്രദർശിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് കരടിലുള്ളത്. 2022 ൽ 2.6 ബില്യൺ ഡോളറിന്‍റേതായിരുന്നു ഇന്ത്യയിലെ ഓൺലൈൻ ഗെയിമിങ് വിപണി. ഈ വർഷം 27 ശതമാനം അധിക വളർച്ചയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
