ശ്രീനഗർ: കഴിഞ്ഞ ഓഗസ്റ്റ് 5 -നാണ് കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ രാഷ്ട്രീയതലക്കുറി എന്നെന്നേക്കുമായി തിരുത്തിയെഴുതിയത്. സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറിയ ശേഷം അന്നുവരേയും ജമ്മു കശ്മീർ സംസ്ഥാനം അനുഭവിച്ചുകൊണ്ടിരുന്ന സവിശേഷ പദവി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ നഷ്ടപ്പെട്ടു. അത് ഒരു സംസ്ഥാനം വല്ലാതെയായി. ജമ്മു കശ്മീർ എന്നും ലഡാക്കെന്നും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി ആ സംസ്ഥാനം വിഭജിതമായി. 

വിപ്ലവകരമായ ആ തീരുമാനം എടുക്കുന്നതിന്റെ തലേന്ന് ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ മൂന്ന് മുൻ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കി. അതിനു ശേഷം, തടങ്കലിൽ ചെലവിട്ട നാലുമാസവും ഒമർ അബ്ദുള്ള പ്രതിഷേധം എന്ന നിലയ്ക്ക് താടി വളർത്തുന്നുണ്ടെന്ന് കേട്ടിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒമർ അബ്ദുള്ളയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം കണ്ടാൽ ചിത്രത്തിലുള്ളത് അദ്ദേഹമാണ് എന്ന് വിശ്വസിക്കാൻ പോലും ആർക്കുമായെന്നു വരില്ല. 

ഒരാളെ ആർട്ടിക്കിൾ 370 എങ്ങനെ മാറ്റും എന്ന് നോക്കൂ എന്ന ടാഗ്‌ലൈനോടെയാണ് പലരും ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്.