Asianet News MalayalamAsianet News Malayalam

കേരളാ കേന്ദ്ര സർവ്വകലാശാലയിലെ വിവാദ സർക്കുലർ : പഠനബോർഡ് അംഗം ഡോ. മീന ടി പിള്ള രാജിവെച്ചു, പ്രതിഷേധം ശക്തം

ഇനിയങ്ങോട്ട് സർവകലാശാല പറയും ഏതൊക്കെ വിഷയങ്ങളിൽ ഗവേഷണം ചെയ്യണമെന്ന്. ദേശീയ താത്പര്യങ്ങൾക്ക് അനുസൃതമായ വിഷയങ്ങളുടെ ഒരു ലിസ്റ്റ് ഇറക്കും സർവകലാശാല. അതിൽ നിന്നും ഏതെങ്കിലും വിഷയങ്ങൾ എടുത്ത് അതിൽ ഗവേഷണം ചെയ്‌താൽ മതി. അല്ലാതെ നിങ്ങൾക്ക് തോന്നുംപടിയുള്ള 'അപ്രസക്തമായ' വിഷയങ്ങളിന്മേലുള്ള ഗവേഷണം ഇനിമേൽ രാജ്യത്ത് അനുവദിക്കില്ല. 

The controversy on Circular from CUK leads to the resignation of a member, Meena T Pillai
Author
Trivandrum, First Published Mar 25, 2019, 11:05 AM IST


മാർച്ച് 13 -ന് കേരളാ സെൻട്രൽ  യൂണിവേഴ്‌സിറ്റി ഒരു സർക്കുലർ ഇറക്കുന്നു. ഗവേഷണ വിദ്യാർത്ഥികളുടെ ചിന്തകളെയും പ്രവർത്തികളെയും ഗുരുതരമായ രീതിയിൽ ബാധിക്കുന്ന ഒരു സർക്കുലർ. അതിനെതിരെ വിദ്യാർഥിസമൂഹത്തിൽ വലിയ പ്രതിഷേധം തന്നെ പൊട്ടിപ്പുറപ്പെടുന്നു. എന്നാൽ ഭൂരിഭാഗം വരുന്ന അധ്യാപക സമൂഹം അതേപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. അതിനിടയിൽ, ഒറ്റപ്പെട്ട ഒരു പ്രതിഷേധ സ്വരം മുഴങ്ങുന്നു. സർവകലാശാലയുടെ 'ബോർഡ് ഓഫ് സ്റ്റഡീസ്' അംഗവും അറിയപ്പെടുന്ന ഇംഗ്ലീഷ്  അദ്ധ്യാപികയും കേരള യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടറുമായ മീന ടി പിള്ള, ഈ സർക്കുലറിനെതിരായ തന്റെ പ്രതിഷേധം പ്രകടമാക്കുന്ന ഒരു എഴുത്തോടെ തന്റെ അംഗത്വം രാജിവെച്ച്  ഇതിനെതിരെ പ്രതിഷേധിക്കുന്നു. വിഷയം മാധ്യമങ്ങളിൽ  വലിയ ചർച്ചയാവുന്നു. കെട്ടടങ്ങുന്നു. സർക്കുലർ അതേപോലെ നിലനിൽക്കുന്നു.  ഇനി എന്ത് എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. 

എന്തായിരുന്നു ആ സർക്കുലർ..? 

ഭാരതത്തിലെ അക്കാദമിക് ഗവേഷണ രംഗം  പൊതുവെ മൂല്യച്യുതിയുടെ പിടിയിൽ അമർന്നിരിക്കുന്ന ഒരു ദശകമാണിത്. പകർത്തയെഴുത്തിനെപ്പറ്റിയുള്ള ( Plagiarism) ആരോപണങ്ങൾ ഇടയ്ക്കിടെ പൊന്തിവരുന്നു. ഗവേഷക വിദ്യാർത്ഥികളും റിസർച്ച് ഗൈഡുകളും തമ്മിലുള്ള ബന്ധങ്ങളിൽ കാര്യമായ വിള്ളലുകൾ രൂപപ്പെടുന്നു. ഗവേഷക വിദ്യാർത്ഥികൾ രാജ്യദ്രോഹികളായി പരക്കെ ചിത്രീകരിക്കപ്പെടുന്നു. ഗവേഷണത്തിനായി അനുവദിക്കപ്പെടുന്ന ഫണ്ടുകൾ വിദ്യാർത്ഥികളിൽ സമയത്തിന് എത്തിച്ചേരുന്നില്ല. ഇങ്ങനെ പലവിധം പ്രശ്നങ്ങളാൽ ഗവേഷണരംഗം അല്ലെങ്കിലേ ആടിയുലയുന്ന നേരത്താണ് ശവപ്പെട്ടിയിൽ അവസാനത്തെ ആണി എന്ന നിലയിൽ ഈ സർക്കുലറിന്റെ രംഗപ്രവേശം.  കാസർകോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെ വൈസ് ചാൻസലർ ജി. ഗോപകുമാറാണ് സർക്കുലർ ഇറക്കിയത്. 

അതിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്. ഇനിയങ്ങോട്ട് സർവകലാശാല പറയും ഏതൊക്കെ വിഷയങ്ങളിൽ ഗവേഷണം ചെയ്യണമെന്ന്. ദേശീയ താത്പര്യങ്ങൾക്ക് അനുസൃതമായ വിഷയങ്ങളുടെ ഒരു ലിസ്റ്റ് ഇറക്കും സർവകലാശാല. അതിൽ നിന്നും ഏതെങ്കിലും വിഷയങ്ങൾ എടുത്ത് അതിൽ ഗവേഷണം ചെയ്‌താൽ മതി. അല്ലാതെ നിങ്ങൾക്ക് തോന്നുംപടിയുള്ള 'അപ്രസക്തമായ' വിഷയങ്ങളിന്മേലുള്ള ഗവേഷണം ഇനിമേൽ രാജ്യത്ത് അനുവദിക്കില്ല. സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഈ സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ബാധകമായിരിക്കും. 

സ്വാഭാവികമായും വളരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഈ സർക്കുലർ ക്ഷണിച്ചുവരുത്തിയത്. ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് രാഹുൽ ഗാന്ധി തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ ഹിന്ദിയിൽ പോസ്റ്റിട്ടു. ഇതായിരുന്നു ആ പോസ്റ്റിന്റെ സാരാംശം, " മഹാജ്ഞാനിയായ പ്രധാനമന്ത്രിയും, സ്വയം പ്രഖ്യാപിത ബുദ്ധിജീവിയായ അദ്ദേഹത്തിന്റെ HRD മിനിസ്റ്ററും ചേർന്ന് ഇന്നുമുതൽ രാജ്യത്തെ ഗവേഷകരെ ഉപദേശിക്കുമത്രേ.. അവർ എന്തൊക്കെ ചിന്തിക്കണമെന്നും.. ഗവേഷണം നടത്തണമെന്നും.. ചുമ്മാതല്ല പഴമക്കാർ പറഞ്ഞിട്ടുള്ളത്, " അല്പജ്ഞാനം ആപത്ത്..". 

The controversy on Circular from CUK leads to the resignation of a member, Meena T Pillai

 

" ബോർഡ് ഓഫ് സ്റ്റഡീസിലെ എന്റെ സ്ഥാനം വളരെ സാങ്കേതികമായ ഒരു പൊസിഷൻ മാത്രമാണ്. അതിൽ നിന്നുള്ള എന്റെ പിന്മടക്കം ഇവിടെ ആരെയും തന്നെ ബാധിക്കുമെന്ന് തോന്നുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു 'സൂചനാ' പ്രതിഷേധം മാത്രമാണ്. ആ തീരുമാനത്തെ മാറ്റിമറിക്കാനുള്ള കെൽപ്പൊന്നും എന്റെ ഈ രാജിക്കില്ലെങ്കിൽ കൂടി ഈ വിഷയം രാജ്യം മുഴുവൻ ഒരു ചർച്ചയായി മാറാൻ അത് നിമിത്തമായി എന്നതിൽ സന്തോഷമുണ്ട്.." എന്ന് ഡോ. മീന ടി പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

'ഇത് നിങ്ങൾ സ്വേച്ഛയാ ഒന്നും ചെയ്യേണ്ട എന്നുള്ള ഫാസിസ്റ്റുകളുടെ കടുംപിടുത്തം', കല്പറ്റ നാരായണൻ 

" ഗവേഷണം  എന്നൊക്കെപ്പറയുന്നത് ഒരാളുടെ ഇഷ്ടാനുസരണം സംഭവിക്കേണ്ട ഒന്നാണ്. നിങ്ങൾ സ്വേച്ഛയാ ഒന്നും ചെയ്യേണ്ട എന്ന് ഒരു രാഷ്ട്രീയ പാർട്ടി തീരുമാനിക്കുന്ന ഒരു ദുരന്ത സാഹചര്യമാണ് നിലവിലുള്ളത്. അതിദയനീയമായ ഒരു അവസ്ഥയാണിത്. വരുംകാലത്തേക്കു വേണ്ട കാര്യങ്ങളൊക്കെ ചിന്തിക്കപ്പെട്ടിരിക്കുന്നു, ഒക്കെ ഹിന്ദു ധർമങ്ങളിൽപ്രവചിക്കപ്പെട്ടിരിക്കുന്നു എന്നൊരു ചിന്താഗതിയാണ് ഇത്തരത്തിലുള്ള പ്രവൃത്തികളുടെ ഒക്കെ അടിത്തട്ടിൽ കിടക്കുന്നത്. ഇതിനോടൊക്കെയുള്ള പ്രതിരോധം എങ്ങനെയാവണമെന്നു വെച്ചാൽ, ഒന്ന്, ഇത്തരത്തിലുള്ള കൂച്ചുവിലങ്ങുകളെയൊക്കെ പൊട്ടിച്ചെറിയുന്ന തരത്തിലുള്ള വിഷയപരിസരങ്ങളുള്ള ഗവേഷണങ്ങൾക്ക് ഗവേഷകർ  മുന്നിട്ടിറങ്ങണം.രണ്ട്, ഇന്നുവരെ നമ്മൾ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നതിനെപ്പറ്റി ഒരു പുനർ വിചിന്തനത്തിനും നമ്മൾ ഈ അവസരം ഉപയോഗപ്പെടുത്തണം..." 

'ഇത് അക്കാദമിക് ചിന്തകളിന്മേലുള്ള രാഷ്ട്രീയ ഇടപെടൽ', എം എൻ കാരശ്ശേരി

 " കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ വൈസ് ചാൻസലറുടെ ഭാഗത്തു നിന്നും വന്നിട്ടുള്ള ഈ സർക്കുലർ ഇന്നാട്ടിലെ ഗവേഷക വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, മറ്റു പണ്ഡിതന്മാരുടെയും പ്രവർത്തനസ്വാതന്ത്ര്യത്തിൽ കൃത്യമായി ഇടപെടുന്ന ഒന്നാണ്. കേന്ദ്രഗവണ്മെന്റിനും യൂണിവേഴ്‌സിറ്റിയ്ക്കും താത്പര്യമുള്ള വിഷയങ്ങളിൽ മാത്രമേ ഗവേഷണം നടത്താൻ പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്നത് അക്കാദമിക് സ്വാതന്ത്ര്യങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ്.

ഒരു വിദ്യാർത്ഥി ഏതുവിഷയത്തിൽ ഗവേഷണം നടത്തണം എന്ന് തീരുമാനിക്കുന്നത്, അയാളും അയാളുടെ റിസർച്ച് ഗൈഡും ചേർന്നുകൊണ്ടാണ്. അല്ലാതെ യൂണിവേഴ്‌സിറ്റി ഏതെങ്കിലും വിഷയങ്ങളുടെ ഒരു പട്ടിക തന്നിട്ട്, അതിൽ നിന്നും തെരഞ്ഞെടുത്ത വിഷയങ്ങൾ മാത്രമേ പഠിക്കാൻ പാടുള്ളൂ, അതു മാത്രമേ ഗവേഷണം നടത്താൻ പാടുള്ളൂ എന്ന് പറഞ്ഞാൽ അത് രാഷ്ട്രീയമായിട്ടുള്ള ഇടപെടലാണ്. ദേശീയത എന്ന് പറയുന്നത് ഓരോ വ്യക്തിയ്ക്കും ഓരോന്നാണ്. ഇക്കാര്യത്തിൽ ഗവേഷകന്റെയും, ഗൈഡിന്റെയും, സർവകലാശാലയുടെയും, സംസ്ഥാനസർക്കാരിന്റേയും കേന്ദ്രസർക്കാരിന്റെയും കാഴ്ചപ്പാടുകൾ വിഭിന്നമാവും ചിലപ്പോൾ. അതിൽ ഒന്നുമാത്രമാണ് ശരി, അനുവദനീയം, പഠനാർഹം എന്നൊക്കെ പറയുന്നത് ഫാസിസത്തിന്റെ കടന്നുവരവിന്റെ ലക്ഷണമാണ്. തികഞ്ഞ അല്പത്തമാണ് അത്.

ഗവണ്മെന്റ് എല്ലാ രംഗങ്ങളിലും പിടിമുറുക്കുന്നതിന്റെ സൂചനകളാണ് ഇത് തരുന്നത്. സിബിഐ, ജുഡീഷ്യറി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഒക്കെ പതുക്കെ ഭരിക്കുന്ന ഗവൺമെന്റുകൾ കൈപ്പിടിയിലാക്കുന്നു. ഇക്കാര്യത്തിൽ പൂർണ്ണമായും ഞാൻ ഡോ. മീന ടി പിള്ളയോടൊപ്പമാണ്... ഇത് അക്കാദമിക്ക് സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്...അത്യന്തം അപലപനീയമായ ഒന്നാണിത്.." 

Follow Us:
Download App:
  • android
  • ios