ദില്ലി: അഭിഭാഷകരും പോലീസുകാരും ഏറ്റമുട്ടിയ തീസ് ഹസാരി സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ മാത്രം ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവിനെതിരായ റിവ്യൂ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. പോലീസുകാര്‍ക്കെതിരെ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവില്‍ വ്യക്തത തേടി ദില്ലി പൊലീസാണ് റിവ്യൂ ഹര്‍ജി നല്‍കിയത്. 

ഇന്നലെ പൊലീസ് ആസ്ഥാനത്ത് പതിനൊന്നു മണിക്കൂര്‍ സമരം ചെയ്ത പൊലീസുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു റിവ്യൂ ഹര്‍ജി. തീസ് ഹസാരി കോടതിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത ദില്ലി ഹൈക്കോടതി ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും അഭിഭാഷകര്‍ക്കെതിരെയുള്ള നടപടി തടയുകയും ചെയ്തിരുന്നു.

Read More: ദില്ലി പൊലീസുകാരു‍ടെ അസാധാരണ സമരം 11 മണിക്കൂറിന് ശേഷം അവസാനിപ്പിച്ചു

ഒരു വേള കലാപത്തിലേക്ക് നീങ്ങുന്നുവെന്ന് സൂചന നല്‍കിയ പ്രതിഷേധം കേന്ദ്ര സർക്കാരിനെ കനത്ത സമ്മർദത്തിലാക്കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പല കുറി ഇടപെട്ടിട്ടും സമരം അവസാനിപ്പിക്കാന്‍ പൊലീസുകാര്‍ തയ്യാറാകാത്തത് ആഭ്യന്തരമന്ത്രാലയത്തെയും അമ്പരപ്പിച്ചു. പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കെതിരെ നടപടി പാടില്ലെന്ന് ദില്ലി ഹൈക്കോടതി നിലപാടടെുത്തതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായത്. 

Read More: ദില്ലിയില്‍ കാക്കി കലാപം, പിന്തുണയുമായി കേരളാ പൊലീസും; അനുനയിപ്പിക്കാന്‍ പതിനെട്ടടവും പയറ്റി ഉന്നതപൊലീസ് നേതൃത്വം

ഇടപടലുകളെല്ലാം പരാജയപ്പെടുന്നുവെന്ന് കണ്ടതോടെ ആഭ്യന്തര സെക്രട്ടറിയെ വിളിപ്പിച്ചെങ്കിലും പരസ്യപ്രതികരണത്തിന് അമിത്ഷാ തയ്യാറായില്ല. രാജ്യ തലസ്ഥാനത്തെ ക്രമസമാധാനം പെരുവഴിയിലായെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. അമിത് ഷാ എവിടെ എന്ന ഹാഷ് ടാഗുകൾ സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു. 

Read More: ദില്ലിയിലെ കോടതി സംഘര്‍ഷം; തെരുവില്‍ പൊലീസിന്‍റെ സമരം, പൊലീസ് സ്റ്റേഷനുകള്‍ സ്തംഭിച്ചു

ഇതിനിടെ സമരത്തിന് പിന്തുണയുമായി കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തിയതും സാഹചര്യം സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കേരള, തമിഴ്നാട് ഐപിഎസ് അസോസിയേഷനുകള്‍ പിന്തുണ പ്രഖ്യാപിച്ചതും കാര്യങ്ങൾ കൈവിട്ടു പോയേക്കുമോ എന്ന ആശങ്കയിലേക്ക് എത്തിച്ചു. നിർഭയക്ക് ശേഷം ഏറെ സംഘര്‍ഷഭരിതമായ മറ്റൊരു പ്രതിഷേധത്തിനാണ് രാജ്യ തലസ്ഥാനം വേദിയായത്.