മിസോറാം: മിസോറാമിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നെതർലാൻഡ്സിൽ നിന്ന് മടങ്ങിയെത്തിയ പാസ്റ്റർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തി ഒരു ദിവസത്തിന് ശേഷമാണിത്.  മാർച്ച് 16നാണ് അമ്പതുകാരനായ ഇദ്ദേഹം നെതർലാൻഡ്സിൽ നിന്നും മടങ്ങിയെത്തിയത്. രോ​ഗം സ്ഥിരീകരിച്ച ഉടനെ ഇദ്ദേഹത്തെ സോറം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. പാസ്റ്ററുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആംസ്റ്റർഡാമിൽ നിന്ന് ദില്ലി, ​ഗുവാഹത്തി വഴിയാണ് ഇയാൾ തിരിച്ചെത്തിയത്. 

ഐസ്വാൾ സ്വദേശിയായ പാസ്റ്റർ വിദേശത്ത് നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ ഹോം ഐസോലേഷനിൽ കഴിയുകയായിരുന്നു. ഫോൺ വഴിയാണ് ഡോക്ടേഴ്സുമായി ബന്ധപ്പെട്ടിരുന്നത്. മിസോറാമിൽ കൊറോണ വൈറസ് പരിശോധന ലാബ് ഇല്ലാത്തതിനാൽ ​ഗുവാഹത്തിയിലെ ലാബിൽ കൊടുത്താണ് പരിശോധിച്ചത്. പാസ്റ്ററുടെ ഭാര്യയും രണ്ട് മക്കളും സോറം മെഡിക്കൽ കോളേജിൽ ക്വാറന്റൈനിൽ കഴിയുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിൽ മണിപ്പൂരിൽ നിന്നുളള 23 വയസ്സുള്ള യുവതിക്കാണ് ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലണ്ടനിൽ നിന്നും തിരിച്ചെത്തിയതാണ് ഈ യുവതി. ഇംഫാലിലെ ആശുപത്രിയിൽ ഇവർ ചികിത്സയിലാണ്. അതേ സമയം ആസാം, സിക്കിം എന്നിവിടങ്ങളിൽ ഓരോരുത്തരെ വീതം വിദേശ യാത്രാ വിവരങ്ങൾ തുറന്നു പറയാത്തതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.