Asianet News MalayalamAsianet News Malayalam

വരൻ വിവാഹത്തിനെത്തിയില്ല, വീടിന് മുന്നിൽ വിവാഹ വസ്ത്രം ധരിച്ച് ധർണ്ണയുമായി വധു

ഡിംപിളും കുടുംബവും വിവാഹ വേദിയിൽ എത്തിയപ്പോൾ വരനെയും കുടുംബത്തെയും കാണാനില്ല. അവർ മണിക്കൂറുകളോളം 
മണ്ഡപത്തിൽ കാത്തിരുന്നു.

The groom not attend the wedding, bride Protest in front of Groom's house
Author
Bhubaneswar, First Published Nov 23, 2021, 11:16 AM IST

ഭുവനേശ്വ‍ർ: വിവാഹ വസ്ത്രം ധരിച്ച് വരന്റെ വീട്ടിന് മുന്നിൽ ധ‍ർണ്ണയുമായി പ്രതിശുത വധു. ഒഡീഷയിലെ ബെർഹാംപൂരിൽ വിവാഹദിനത്തിൽ മണ്ഡപത്തിൽ അപമാനിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് വരന്റെ വീട്ടിന് മുന്നിൽ യുവതി ധ‍ർണ്ണ നടത്തിയത്. വധു ഡിംപിൾ ഡാഷും വരൻ സുമീത് സാഹുവും നേരത്തേ നിയമപരമായി വിവാഹിതരായതായാണ് റിപ്പോ‍ർട്ട്. തിങ്കളാഴ്ച പരിമിതമായ അതിഥികളുടെ സാന്നിധ്യത്തിൽ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്താനാണ് കുടുംബങ്ങൾ തീരുമാനിച്ചിരുന്നത്. 

എന്നാൽ, ഡിംപിളും കുടുംബവും വിവാഹ വേദിയിൽ എത്തിയപ്പോൾ വരനെയും കുടുംബത്തെയും കാണാനില്ല. അവർ മണിക്കൂറുകളോളം 
മണ്ഡപത്തിൽ കാത്തിരുന്നു. ആവർത്തിച്ചുള്ള കോളുകളോടും സന്ദേശങ്ങളോടും വരനോ വീട്ടുകാരോ പ്രതികരിച്ചില്ല. ഇതോടെ മണ്ഡപത്തിൽ കാത്തുനിൽക്കാതെ, ഡിംപിളും അമ്മയും വരന്റെ വീട്ടിൽ പോയി ധർണ നടത്താൻ തീരുമാനിക്കുകയായിരുന്നു. 

“ഞങ്ങളുടെ വിവാഹം 2020 സെപ്റ്റംബർ 7 ന് രജിസ്റ്റർ ചെയ്തു. ആദ്യ ദിവസം മുതൽ എന്റെ ഭ‍ർതൃവീട്ടുകാ‍ർ എന്നെ പീഡിപ്പിക്കുന്നു, ഒരിക്കൽ അവർ എന്നെ മുകളിലത്തെ മുറിയിൽ പൂട്ടിയിട്ടു. നേരത്തെ എന്റെ ഭർത്താവ് എന്നെ പിന്തുണച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കടന്നുപോയപ്പോൾ, എന്റെ ഭർത്താവ് കുടുംബത്തോടൊപ്പം നിന്നു, തുടർന്ന് ഞങ്ങൾ മഹിളാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിനുശേഷം, എന്റെ ഭ‍ത്താവിന്റെ പിതാവ് എന്റെ വീട്ടിൽ വന്നു, എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് ഹിന്ദു ആചാരപ്രകാരം കല്യാണം നടത്തണമെന്ന് ആവശ്യപ്പെട്ടു - ഡിംപിൾ ഡാഷ് പറഞ്ഞു. 

 “അവൻ [സുമീത്] എന്റെ മകളെ ദിവസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തു, ഇപ്പോൾ അവൻ വിവാഹത്തിന് എത്തിയിട്ടില്ല. എന്റെ മകൾ ഈ കുടുംബത്തിന് ഉപയോഗിക്കാനും വലിച്ചെറിയാനുമുള്ള ഒരു ഉൽപ്പന്നമാണോ ? - ഡിംപിളിന്റെ അമ്മ ചോദിച്ചു. അതേസമയം സംഭവത്തോട് വരനും കുടുംബാംഗങ്ങളും പ്രതികരിക്കാൻ തയ്യാറായില്ല.

Follow Us:
Download App:
  • android
  • ios