ബെം​ഗളൂരു: ഉഡുപ്പി പേജാവര മഠാധിപതിയായ വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി. 88 വയസ്സായിരുന്നു. കടുത്ത ന്യുമോണിയ ബാധമൂലം അന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണാണ് അന്ത്യം. ശ്വാസതടസത്തെത്തുടര്‍ന്ന് ഈ മാസം 20 ന് സ്വാമിയെ മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോ​ഗം മൂർച്ഛിച്ചതോടെ ഒരാഴ്ചയിലധികം ഐസിയുവില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ഉഡുപ്പിയിലെ അഷ്ടമഠങ്ങളില്‍ ഒന്നാണ് പേജാവര മഠം. ശനിയാഴ്ച ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കെഎംസി ആശുപത്രിയിൽനിന്ന് മഠം അധികൃതരും പണ്ഡിറ്റുമാരും ചേര്‍ന്ന് സ്വാമിയെ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായത്.

ഉഡുപ്പി അജ്ജാര്‍ക്കാട് മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ബെംഗളൂരുവില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സിസംബർ 29 മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് കർണാടക സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വാമിയുടെ ആരോഗ്യനില വഷളായതറിഞ്ഞ്, തീരമേഖലയില്‍ പര്യടനം നടത്തുകയായിരുന്ന കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പര്യടനം വെട്ടിച്ചുരുക്കി ആശുപത്രിയിലെത്തി സ്വാമിയെ കണ്ടിരുന്നു. സ്വാമിയുടെ വിയോഗത്തില്‍ ബി എസ് യെദ്യൂരപ്പയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. ആത്മീയരം​ഗത്തിന് പുറമെ, സാമൂഹ്യസേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും വിശ്വേശ തീര്‍ത്ഥ സ്വാമിയുടെ സംഭാവനകള്‍ പ്രശസ്തമാണ്. രാമജന്മഭൂമി മൂവ്‌മെന്റിലും സ്വാമി നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.