പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് റഫാല്‍ രേഖകള്‍ മോഷണം പോയെന്ന നിലപാട് അതിശയിപ്പിക്കുന്നതാണ്. രേഖകളും, പ്രസിദ്ധീകരിച്ച ലേഖനങ്ങളും സ്വയം സംസാരിക്കുന്നതാണെന്നും ഏത് അന്വേഷണത്തെയും നേരിടുമെന്നും എന്‍ റാം

ചെന്നൈ: അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ നിശബ്ദമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് ദി ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം. സര്‍ക്കാര്‍ മൂടിവയ്ക്കാന്‍ ശ്രമിച്ച വിവരങ്ങളാണ് പുറത്ത് കൊണ്ടുവന്നത്. റഫാല്‍ രേഖയുടെ ഉറവിടം പുറത്ത് വിടാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എന്‍ റാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഴിമതി ആരോപണം പുറത്ത് വരുമ്പോള്‍ സര്‍ക്കാര്‍ ദേശസുരക്ഷയില്‍ അഭയം തേടുന്നുവെന്ന സുപ്രീംകോടതി പരാമര്‍ശം ചൂണ്ടികാട്ടിയാണ് ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാമിന്‍റെ മറുപടി. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് റഫാല്‍ രേഖകള്‍ മോഷണം പോയെന്ന നിലപാട് അതിശയിപ്പിക്കുന്നതാണ്. അതീവരഹസ്യമായി സൂക്ഷിക്കേണ്ട കേന്ദ്രങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. രേഖകളും,പ്രസിദ്ധീകരിച്ച ലേഖനങ്ങളും സ്വയം സംസാരിക്കുന്നതാണെന്നും ഏത് അന്വേഷണത്തെയും നേരിടുമെന്നും എന്‍ റാം പറഞ്ഞു.

"

റഫാല്‍ രേഖകള്‍ക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിന് മറുപടി പറയാതിരിക്കാന്‍ ആകില്ല. എന്‍ഡിഎ സര്‍ക്കാരിന്‍റെ പുതിയ റഫാല്‍ കരാറിലെ പാളിച്ചകളാണ് ചൂണ്ടികാട്ടിയത്. ഈ രേഖകളുടെ ആധികാരികതയാണ് സര്‍ക്കാര്‍ വാദത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും ഏത് രേഖയും കോടതിക്ക് പരിശോധിക്കാമെന്നും ദി ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞു. പൊതുജന താൽപര്യത്തിനായാണ് ഇത് പുറത്ത് കൊണ്ട് വന്നതെന്നും കൃത്യമായ അന്വേഷണാത്മക പത്രപ്രവർത്തനമാണ് ഇതിന് വേണ്ടി നടത്തിയതെന്നും പറഞ്ഞ എന്‍ റാം വെളിപ്പെടുത്തലുകള്‍ തുടരുമെന്നും കൂട്ടിചേര്‍ത്തു.