പാകിസ്ഥാനിൽ എവിടെയെങ്കിലും നിന്ന് ആണവ വികിരണമുണ്ടായതായി റിപ്പോർട്ടില്ലെന്നും ഇൻ്റർനാഷ്ണൽ അറ്റോമിക് എൻർജി ഏജൻസി അറിയിച്ചു. 

ദില്ലി: പാകിസ്ഥാനിൽ എവിടെ നിന്നും ആണവച്ചോർച്ചയുടെ വിവരങ്ങളില്ലെന്ന് ആഗോള ആണവ നിരീക്ഷണ സമിതിയായ ഇൻ്റർനാഷ്ണൽ അറ്റോമിക് എൻർജി ഏജൻസി (IAEA). പാകിസ്ഥാന്‍റെ ആണവായുധ സ്റ്റോറേജ് എന്ന് കരുതപ്പെടുന്ന കിരാന ഹിൽസിൽ ആക്രമണം നടത്തിയിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനിൽ എവിടെയെങ്കിലും നിന്ന് ആണവ വികിരണമുണ്ടായതായി റിപ്പോർട്ടില്ലെന്നും ഇൻ്റർനാഷ്ണൽ അറ്റോമിക് എൻർജി ഏജൻസി അറിയിച്ചു. ആണവച്ചോർച്ചയുണ്ടായതായും വിവരമില്ലെന്നും വിയന്ന ആസ്ഥാനമായ ഇൻ്റർനാഷ്ണൽ അറ്റോമിക് എൻർജിയുടെ റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം, സിന്ധു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ രം​ഗത്തെത്തി. ഇന്ത്യയ്ക്കുള്ള എതിർപ്പും ചർച്ചയിൽ ഉന്നയിക്കാമെന്ന് പാകിസ്ഥാൻ പറയുന്നു. ഇതാദ്യമായാണ് കരാർ വ്യവസ്ഥകളിൽ ചർച്ചയാകാമെന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്. കരാർ മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള കത്തിലാണ് പാകിസ്ഥാന്റെ നിർദ്ദേശം. കരാർ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. പഹൽ​ഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ദു നദീജല കരാർ മരവിപ്പിച്ചത്. 

കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് പാകിസ്ഥാൻ അയച്ച കത്തിലെ ആവശ്യം. നദീജല കരാർ ലംഘിക്കുന്നത് പ്രശ്നം വഷളാക്കുമെന്നും പാകിസ്ഥാൻ കത്തില്‍ പറയുന്നു. സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിർണ്ണയിക്കുന്ന കരാറിൽ നിന്ന് പിൻമാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കൻ ഭാഗത്തെ സത്ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂർണ്ണമായും ഇന്ത്യയ്ക്കും നൽകുന്നതായിരുന്നു കരാർ. പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം കൃഷിക്കും വൈദ്യുത പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല. പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികൾക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാൻ കഴിയൂ. കറാറിൽ നിന്നും പിൻമാറുന്നതിലൂടെ കരാർപ്രകാരമുള്ള എല്ലാ നടപടികളും ഇന്ത്യ നിറുത്തി വെച്ചു.

'മുത്തങ്ങ സമരം മാത്രമല്ല നരിവേട്ട, തിയേറ്ററിലേക്ക് എത്തുന്ന ജനങ്ങൾ തീരുമാനിക്കട്ടെ': അനുരാജ് മനോഹർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം