പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയിലെ കോണ്ടം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു. അസംസ്കൃത വസ്തുക്കളായ അമോണിയ, സിലിക്കൺ ഓയിൽ എന്നിവയുടെ വില വർധിച്ചത് നിർമ്മാണ ചെലവ് കൂട്ടി, ഇത് കോണ്ടം വില വർധനവിനും പൊതുജനാരോഗ്യ ആശങ്കകൾക്കും കാരണമായേക്കാം.

ദില്ലി: പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യക്കാരുടെ ലൈം​ഗിക ജീവിതത്തെയും ബാധിക്കുമെന്ന് റിപ്പോർട്ട്. ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷം കോണ്ടം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സംഘർഷം ഇന്ത്യയിലെ 8,000 കോടി രൂപയുടെ കോണ്ടം വ്യവസായത്തെ ബാധിക്കുന്നുവെന്നും നിർമാണ ചെലവ് കുത്തനെ ഉയരുന്നതിനും പൊതുജനാരോഗ്യ ആശങ്കകൾ വർദ്ധിക്കുന്നതിനും കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ പ്രതിവർഷം 400 കോടിയിലധികം കോണ്ടം നിർമിക്കുന്നു. പെട്രോകെമിക്കൽ അധിഷ്ഠിത ഉൽപ്പന്നങ്ങളായ സിലിക്കൺ ഓയിൽ (ലൂബ്രിക്കേഷനായി ഉപയോഗിക്കുന്നു), അമോണിയ (ലാറ്റക്സ് സ്ഥിരപ്പെടുത്താൻ ഉപയോഗിക്കുന്നു) എന്നിവയാണ് കോണ്ടം ഉൽപാദനത്തിന്റെ അസംസ്കൃത വസ്തുക്കൾ. ഇവ പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്, നിലവിലുള്ള സംഘർഷത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ പാതകളെ നിയന്ത്രിച്ചതിന്റെ വില വർധനവും ക്ഷാമവുമുണ്ടായി. അമോണിയ വില മാത്രം 40–50 ശതമാനം വർദ്ധിച്ചു. സിലിക്കൺ ഓയിലിന്റെ വിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി. വില വർധനവ് വിപണിയിൽ അനിശ്ചിതത്വത്തിലേക്ക് നയിച്ചുവെന്ന് കോണ്ടം നിർമ്മാണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിസന്ധി ഇന്ത്യയിലെ കോണ്ടം വിലയിൽ വർദ്ധനവിന് കാരണമായേക്കാം.

അപ്രതീക്ഷിത ഗർഭധാരണം തടയുന്നതിലും ലൈംഗികമായി പകരുന്ന അണുബാധകളുടെ (എസ്ടിഐ) വ്യാപനം കുറയ്ക്കുന്നതിലും കോണ്ടം നിർണായക പങ്ക് വഹിക്കുന്നു. ലഭ്യതയിലോ വിലയിലോ ഉണ്ടാകുന്ന മാറ്റം ഉപയോഗത്തെ നിരുത്സാഹപ്പെടുത്തിയേക്കാം. കോണ്ടം നിർമ്മാണത്തിലും വിലനിർണ്ണയത്തിലുമുള്ള പ്രശ്നങ്ങൾ കോണ്ടം ഉപയോഗം കുറയ്ക്കുന്നതിന് കാരണമാകും. ആസൂത്രിതമല്ലാത്ത ഗർഭധാരണങ്ങളുടെ വർദ്ധനവ് ഇത് മാതൃ ആരോഗ്യ സംവിധാനങ്ങളിൽ അധിക ബാധ്യതയുണ്ടാക്കും.