ശ്രീനഗര്‍: കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് പതിനായിരം പേര്‍ പങ്കെടുത്ത പ്രകടനം നടന്നുവെന്ന റിപ്പോര്‍ട്ട്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. ചിലയിടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നുവെന്നു എന്നാല്‍ ഒരിടത്തും ഇരുപത് പേരിലധികം പേര്‍ പ്രകടനത്തില്‍ ഇല്ലായിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രതിഷേധപ്രകടനം നടത്തിയ പതിനായിരത്തോളം ആളുകള്‍ക്കെതിരെ കണ്ണീര്‍ വാതകവും പെല്ലറ്റുകളും ഉപയോഗിച്ചെന്ന രീതിയില്‍ റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മന്ത്രാലയം തള്ളി. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന പ്രതിഷേധ പ്രകടനത്തെപ്പറ്റിയായിരുന്നു റിപ്പോര്‍ട്ട്. 

അതേസമയം ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീക്കി. ജമ്മു, കത്വ, സാംബ, ഉദംപൂര്‍, റീസി എന്നിവിടങ്ങളിലെ നിരോധനാജ്ഞയാണ് പിന്‍വലിച്ചത്. ഇവിടങ്ങളില്‍ സ്കൂള്‍, കോളേജുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്.