ദില്ലി: വിങ് കമാൻഡർ അഭിനന്ദനെ അഭിനന്ദനം കൊണ്ട് പൊതിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 

'സ്വന്തം നാട്ടിലേക്ക് തിരികെ വരൂ അഭിനന്ദൻ. ഈ രാജ്യം താങ്കളുടെ അസാധാരണ ധൈര്യത്തെക്കുറിച്ച് എന്നും അഭിമാനം കൊള്ളും. 130 കോടി ഇന്ത്യക്കാർക്കുള്ള പ്രചോദനമാണ് നമ്മുടെ സായുധസേനകൾ. വന്ദേ മാതരം!'

എന്നാണ് മോദി അഭിനന്ദനെ കൈമാറി മിനിറ്റുകൾക്കകം ട്വീറ്റ് ചെയ്തത്. 

വൈകിട്ട് ഒമ്പത് മണിയോടെയാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്. മണിക്കൂറുകൾ വൈകിച്ചാണ് അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യക്ക് വിട്ടു നൽകിയത്. വ്യോമസേനയിലെയും പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ വിങ് കമാൻഡറെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഇനി അഭിനന്ദനെ അമൃത്‍സറിലേക്ക് കൊണ്ടുപോകും. വിശദമായ പരിശോധനയും വിദഗ്‍ധ ചികിത്സയും അഭിനന്ദന് നൽകേണ്ടതുണ്ടെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു.

നാളെ ദില്ലിയിലെത്തിയ്ക്കുന്ന വിങ് കമാൻഡർ അഭിനന്ദനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി നിർമലാ സീതാരാമനും മറ്റ് കേന്ദ്രമന്ത്രിമാരും കണ്ടേക്കും. എല്ലാ സേനാ മേധാവികളും അഭിനന്ദനെ കാണാനെത്തിയേക്കുമെന്നാണ് സൂചന.