ദില്ലി: രാജ്യത്തെ ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം 1000മാക്കി വര്‍ധിപ്പിക്കണമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 1971ലെ സെന്‍സസ് പ്രകാരമാണ്  545 സീറ്റുകള്‍ നിര്‍ണയിച്ചത്. എന്നാല്‍, അതിന് ശേഷം ജനസംഖ്യയില്‍ വലിയ വര്‍ധനവുണ്ടായിട്ടും മണ്ഡലങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി.

1971ലെ സെന്‍സസ് അനുസരിച്ച് 55 കോടിയായിരുന്നു ജനസംഖ്യ. അതിനെ മാനദണ്ഡമാക്കിയാണ് 545 മണ്ഡലങ്ങളായി തീരുമാനിച്ചത്. 2026വരെ ലോക്സഭയിലെയും നിയമസഭയിലെയും സീറ്റുകള്‍ വര്‍ധിപ്പിക്കരുതെന്ന് വന്നു. അതിന് ശേഷം ജനസംഖ്യയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. 2011ലെ കണക്കനുസരിച്ച് ഓരോ ലോക്സഭ മണ്ഡലത്തിലെയും വോട്ടര്‍മാരുടെ എണ്ണം ചുരുങ്ങിയത് 16 ലക്ഷമാണ്. ഒരാള്‍ക്ക് എങ്ങനെയാണ് ഇത്രയും പേരെ പ്രതിനിധീകരിക്കാനാകുക. ഓരോ വോട്ടര്‍ക്കും എങ്ങനെയാണ് തങ്ങളുടെ പ്രതിനിധിയെ സമീപിക്കാനാകുകയെന്നും പ്രണബ് മുഖര്‍ജി ചോദിച്ചു.

പാര്‍ലമെന്‍റിലെയും നിയമസഭകളിലെയും അംഗബലം കൂട്ടുന്നത് മരവിപ്പിച്ച തീരുമാനം എടുത്തുകളയണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലെ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം ആനുപാതികമായി നിയമസഭ സീറ്റുകളും രാജ്യസഭ സീറ്റുകളും വര്‍ധിപ്പിക്കണം. പുതിയ പാര്‍ലമെന്‍റ് നിര്‍മാണത്തെയും പ്രണബ് മുഖര്‍ജി എതിര്‍ത്തു.

സെന്‍ട്രല്‍ ഹാള്‍ എന്തുകൊണ്ട് പുതിയ ലോക്സഭയായി മാറ്റിക്കൂടാ. നിലവിലെ ലോക്സഭ ഹാള്‍ രാജ്യസഭയാക്കിയും മാറ്റണമെന്നും അടിസ്ഥാനമില്ലാതെ റിസോര്‍ട്ട് പോലെയാക്കരുതെന്നും അദ്ദേഹം വിമര്‍ശിച്ചു. പുതിയ പാര്‍ലമെന്‍റ് എങ്ങനെയാണ് നമ്മുടെ ജനാധിപത്യത്തെ മെച്ചപ്പെടുത്തുകയെന്നത് തനിക്ക് മനസ്സിലാകുന്നില്ലെന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കി.