ഇന്നലെ നഗരത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 47 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പലയിടങ്ങളിലും ഉഷ്ണക്കാറ്റ് വീശി.
ദില്ലി: കടുത്ത വേനൽച്ചൂടിൽ വലയുകയാണ് ദില്ലിയുൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ. വൈകിയെത്തിയ വേനലിന്‍റെ തുടക്കത്തിൽ തന്നെ കൊടുംചൂട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഇന്നലെ നഗരത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 47 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പലയിടങ്ങളിലും ഉഷ്ണക്കാറ്റ് വീശി. തുടർച്ചയായി രണ്ട് ദിവസം ചൂട് 45 ഡിഗ്രിക്ക് മുകളിലായതോടെയാണ് കാലാവസ്ഥ കേന്ദ്രം റെഡ് കോഡ് മുന്നറിയിപ്പ് നൽകിയത്. വരുന്ന രണ്ട് ദിവസം കൂടി കൊടും ചൂട് തുടരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
നഗരം ചൂടിലുരുകാൻ തുടങ്ങിയതോടെ പുറംപണികളിലേർപ്പെടുന്ന തൊഴിലാളികളാണ് ഏറ്റവും വലഞ്ഞത്. ചൂട് കൂടിയതോടെ ജലക്ഷാമവും വൈദ്യുതി തടസ്സവും പതിവായിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞാൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പുറംപണികളിലേർപ്പെടുന്നവർ നിർജ്ജലീകരണം ഉണ്ടാവാതെ സൂക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
