രാജ്യത്തെ 21 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാളുകളായി വേതനം മുടങ്ങിയിരിക്കുന്നത്. 

ദില്ലി: തൊഴിലുറപ്പ് (MNREGA) വേതനം മുടങ്ങിയതോടെ പ്രതിസന്ധിയില്‍ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ നിരവധി കുടുബങ്ങള്‍. ചെയ്ത ജോലിക്കുള്ള കൂലിക്കായി ആഴ്ചകളായി സമരം ചെയ്യുകയാണ് തൊഴിലാളികള്‍. രാജ്യത്തെ 21 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാളുകളായി വേതനം മുടങ്ങിയിരിക്കുന്നത്.

73,000 കോടി രൂപയായിരുന്നു ഈ വര്‍ഷത്തെ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കായി നീക്കി വച്ചിരുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 34 ശതമാനം കുറവ്. പ്രതിസന്ധി മനസ്സിലായതോടെ പിന്നീട് പതിനായിരം കോടി കൂടി വകയിരുത്തി. എന്നാല്‍ ഗ്രാമീണ കുടുംബങ്ങളില്‍ രൂപപ്പെട്ട പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ അത് പര്യാപ്തമല്ലന്നെതാണ് വാസ്തവം. 

തൊഴില്‍ ദിനങ്ങള്‍ കൂട്ടണമെന്ന ആവശ്യം ഉയർത്തിക്കൊണ്ടു വരാനുള്ള തൊഴിലാളികളുടെ ശ്രമത്തിനിടെ മുടുങ്ങിയ കൂലി കിട്ടാനായി അവര്‍ സമരം ചെയ്യുകയാണ്. തൊഴിലുറപ്പ് പദ്ധതി ഒരു കുടുബത്തിന് എങ്ങനെ താങ്ങാവുന്നു എന്ന് മനസ്സിലാക്കണമെങ്കില്‍ ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ പോകണം. ജോലിക്കുള്ള കൂലി മുടങ്ങിയത് അവരെ എങ്ങനെ ഉലച്ചുവെന്നത് ഗ്രാമങ്ങളിലെ ജീവിതങ്ങള്‍ കാണിച്ചുതരും.

ഈ സാമ്പത്തിക വര്‍ഷം പകുതി പിന്നിട്ടപ്പോള്‍ തന്നെ തൊഴിലുറപ്പ് പദ്ധതിക്കായി നീക്കി വച്ചിരുന്ന തുക മുഴുവൻ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തീർന്നിരുന്നു. തൊഴിലാളികള്‍ക്ക് കൂലി മുടങ്ങി. അധ്വാനത്തിന്‍റെ പ്രതിഫലത്തിനായി അവര്‍ പലയിടങ്ങളിലും സമരം ചെയ്യുകയാണ്. മുൻപ് 150 പേർ തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന ഇവിടെ ഇപ്പോൾ 450പേർ ജോലി ചെയ്യുന്നു. ജോലിയുടെ ആവശ്യം കൂടി. എന്നാൽ സമയത്ത് പണം കിട്ടുന്നില്ല. വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണകർക്ക് എത് പണമാണ് കിട്ടാത്തതെന്ന് പോലും അറിയില്ലെന്ന് സിഐടിയു നേതാവ് കമലേഷ് പറഞ്ഞു.