ദില്ലി: എസ്എൻസി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വാദം കേള്‍ക്കല്‍ മാറ്റണമെന്നാവശ്യപ്പെട്ട് മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍ സമ‍ര്‍പ്പിച്ച അപേക്ഷ കോടതിക്ക് മുന്നിലുണ്ട്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂന്നാഴ്ച സമയമാണ് മോഹനചന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഏപ്രില്‍ ആദ്യവാരമോ രണ്ടാംവാരമോ അന്തിമവാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. കേസില്‍ കക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കരുതെന്ന് നന്ദകുമാറിന്‍റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടേക്കും. 

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആണ് സിബിഐ ആവശ്യപ്പെടുന്നത്. ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി കസ്തൂരി രങ്ക അയ്യർ ഉൾപ്പടെയുള്ളവരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2003 മാര്‍ച്ചില്‍ ലാവലിന്‍ കരാറില്‍ അഴിമതി നടന്നുവെന്ന സംശയത്തില്‍ എ കെ ആന്‍റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതോടെയാണ് ലാവ്‍ലിന്‍ കേസ് ചര്‍ച്ചാ വിഷയമാകുന്നത്. 1995 ഓഗസ്റ്റ് 10 ന് പളളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് വൈദ്യുതി ബോര്‍ഡ് കാനഡയിലെ എസ്എന്‍വി ലാവലിനുമായി ധാരണാപത്രം ഒപ്പിട്ടത്. അന്ന് പിണറായി വിജയനായിരുന്നു വൈദ്യുതി ബോര്‍ഡ് മന്ത്രി. 

2017 മാര്‍ച്ച് 27ന് പ്രതി സ്ഥാനത്തുളളവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചെങ്കിലും ആഗസ്റ്റ് 23 ന് പിണറായിയെ കുറ്റവിമുക്തമാക്കിയ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പിണറായിയെ തെരഞ്ഞുപിടിച്ച് സിബിഐ ബലിയാടാക്കിയെന്ന് അന്നത്തെ വിധിയില്‍ ജസ്റ്റിസ് ഉബൈദ് കേസില്‍ പറഞ്ഞു. കേസില്‍ കെഎസ്ഇബി ചെയർമാനും ഉദ്യോഗസ്ഥരും മാത്രമാണ് ഉത്തരവാദികളെന്നും 102 പേജുള്ള വിധിപ്രസ്താവത്തില്‍ പറയുന്നു. 

പിണറായി അടക്കം മൂന്നു പ്രതികൾ വിചാരണ നേരിടേണ്ടെന്നും അന്ന് ജസ്റ്റിസ് ഉബൈദ് വിധിച്ചിരുന്നു. എന്നാല്‍ 2 മുതൽ 4 വരെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് നിര്‍ദ്ദേശവും ഉണ്ടായിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.