Asianet News MalayalamAsianet News Malayalam

അഞ്ജലി സിം​ഗിന്റെ വീട്ടിൽ മോഷണം; പിന്നിൽ അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തെന്ന് കുടുംബം

കരൺ വിഹാറിലെ വീടിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്ത് കടന്നതായും എൽസിഡി ടിവി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചതായും അഞ്ജലിയുടെ കുടുംബാംഗങ്ങൾ പറയുന്നു. അഞ്ജലിയുടെ സുഹൃത്തായ നിധിയാണ് മോഷണത്തിന് പിന്നിലെന്നും ഇവർ ആരോപിച്ചു. അപകടസമയത്ത് അഞ്ജലിക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന വ്യക്തിയാണ് നിധി.

theft at delhi car horror victim  anjali singhs house
Author
First Published Jan 9, 2023, 3:42 PM IST

ദില്ലി: പുതുവത്സര ദിനത്തിൽ  കാറിടിച്ച് കിലോമീറ്ററുകളോളം വലിച്ചിഴച്ച് ദാരുണമായി മരിച്ച  അഞ്ജലി സിംഗിന്റെ വീട്ടിൽ  മോഷണം  നടന്നെന്ന് റിപ്പോർട്ട്. കരൺ വിഹാറിലെ വീടിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്ത് കടന്നതായും എൽസിഡി ടിവി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചതായും അഞ്ജലിയുടെ കുടുംബാംഗങ്ങൾ പറയുന്നു. അഞ്ജലിയുടെ സുഹൃത്തായ നിധിയാണ് മോഷണത്തിന് പിന്നിലെന്നും ഇവർ ആരോപിച്ചു. അപകടസമയത്ത് അഞ്ജലിക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന വ്യക്തിയാണ് നിധി.

"രാവിലെ ഏഴരയോടെ  അയൽക്കാരാണ് മോഷണത്തെക്കുറിച്ച് ആദ്യം ഞങ്ങളെ അറിയിച്ചത്. ഞങ്ങൾ ഇവിടെയെത്തിയപ്പോൾ വീടിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. എൽസിഡി ടിവിയും മറ്റ് വീട്ടുപകരണങ്ങളും അടിയിൽ അടുക്കി വച്ചിരുന്നു, അത് കാണാനില്ല. കിടക്ക കാണാനില്ല. ടെലിവിഷൻ പുതിയതാണ്. ഞങ്ങൾ അത് വാങ്ങിയിട്ട് രണ്ട് മാസമായതേയുള്ളു".  അഞ്ജലിയുടെ സഹോദരി പറഞ്ഞു.  സംഭവത്തിൽ ദില്ലി  പൊലീസിന്റെ പങ്കിനെ ഒരു ബന്ധു ചോദ്യം ചെയ്തു. "എന്തുകൊണ്ടാണ് ഇന്നലെ വീടിനു മുന്നിൽ പൊലീസ് ഇല്ലാത്തത്? കഴിഞ്ഞ 8 ദിവസമായി പൊലീസ് അവിടെ ഉണ്ടായിരുന്നു, പക്ഷേ ഇന്നലെ ആരും അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് തോന്നുന്നു, നിധിയാണ് മോഷണത്തിന് പിന്നിൽ." ബന്ധു പറഞ്ഞു. 
 
അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.  അപകട ദിവസം അഞ്ജലി മദ്യപിച്ചിരുന്നതായി ആരോപിച്ച് കേസിലെ ദൃക്‌സാക്ഷിയായ  നിധി  ഗൂഢാലോചന നടത്തിയെന്ന് അഞ്ജലിയുടെ അമ്മാവൻ നേരത്തെ പറഞ്ഞിരുന്നു. സംഭവദിവസം അഞ്ജലി മദ്യപിച്ചിരുന്നതായി നിധി  മാധ്യമങ്ങളോട് പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "നിധി  ഒളിവിലായിരുന്നു. അഞ്ജലിയുടെ അന്ത്യകർമങ്ങൾ കഴിഞ്ഞാണ് തിരിച്ചുവന്നത്. സംഭവം നടന്നപ്പോൾ പൊലീസിലോ വീട്ടുകാരെയോ അറിയിക്കാനുള്ള മനുഷ്യത്വം അവൾക്കില്ലേ? അന്ന് അവൾ ഭയപ്പെട്ടിരുന്നെന്നാണ് പറയുന്നത്. ഇപ്പോൾ ഭയന്നില്ലേ? ഇതാണ് നിധിയുടെ ഗൂഢാലോചന". അഞ്ജലിയുടെ അമ്മാവൻ എഎൻഐയോട് പറഞ്ഞിരുന്നു. അഞ്ജലിക്ക് മദ്യപാനശീലമില്ലെന്നും സുഹൃത്ത് കള്ളം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.അഞ്ജലി  മദ്യപിക്കില്ലായിരുന്നു. സംഭവദിവസം അവൾ മദ്യപിച്ചിരുന്നെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അക്കാര്യം പറയുമായിരുന്നു. അങ്ങനെയല്ലാത്തതിനാൽ അതിനർത്ഥം നിധി കള്ളം പറയുകയാണെന്നാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

ജനുവരി ഒന്നിന് പുലർച്ചെയാണ് കാർ സ്കൂട്ടിയിൽ ഇടിച്ച് സുൽത്താൻപുരിയിൽ നിന്ന് ദില്ലിയിലെ കാഞ്ജവാലയിലേക്ക് 12 കിലോമീറ്ററോളം വലിച്ചിഴച്ചതിനെത്തുടർന്ന്  20 കാരിയായ അഞ്ജലി കൊല്ലപ്പെട്ടത്. കേസിൽ ഏഴ് പേരെ പൊലീസ് പിടികൂടിയിരുന്നു. 18 അം​ഗ പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Read Also: സ്ത്രീ കാറിനടിയിൽ കുടുങ്ങിയതായി അറിയാമായിരുന്നു, നിർത്താഞ്ഞതിന് കാരണമുണ്ട്; മൊഴി മാറ്റി അഞ്ജലി കേസിലെ പ്രതികൾ

Follow Us:
Download App:
  • android
  • ios