Asianet News MalayalamAsianet News Malayalam

കേരളത്തിൽ നിന്നുൾപ്പെടെ ബെംഗളുരു യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങളില്ല

ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും കടുത്ത നിയന്ത്രണമില്ല

There are no strict restrictions on travel to Bengaluru including from Kerala SSM
Author
First Published Dec 22, 2023, 2:30 PM IST

ബംഗളുരു: ബംഗളുരുവില്‍ ഉള്‍പ്പെടെ കർണാടകയില്‍ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും കടുത്ത നിയന്ത്രണമില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ല. എന്നാൽ കേരളത്തിന്‍റെയും മഹാരാഷ്ട്രയുടെയും അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണം ശക്തമാക്കും.

മുതിർന്ന പൗരൻമാർക്ക് മാസ്ക് നിർബന്ധമെന്ന ചട്ടം തുടരും. കൊവിഡ് ടെസ്റ്റിന്‍റെ നിരക്ക് കൂട്ടും. സ്കൂളുകൾക്ക് നിലവിൽ അവധിയായതിനാൽ പിന്നീട് സാഹചര്യം പരിശോധിച്ച് നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ നടപ്പാക്കും. കർണാടകയിൽ 105 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. പുതിയതായി 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം കേരളത്തില്‍ 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഒരു മരണം കൂടി സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ 2997 ആക്ടീവ് കേസുകളിൽ 2606 കേസുകളും കേരളത്തിലാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പുറമെ കോട്ടയത്തും രോഗികളുടെ എണ്ണം ഉയരുന്നതായാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കിയിട്ടുണ്ട്. 

ഡിസംബറിൽ രോഗ ലക്ഷണങ്ങൾ ഉള്ളവരിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 30 ശതമാനം പേർ പോസിറ്റീവെന്ന് കണ്ടെത്തിയിരുന്നു. സെപ്റ്റംബറിൽ ഇത് രണ്ട് ശതമാനവും ഒക്ടോബറിൽ ഒന്നര ശതമാനവും നവംബറിൽ ഇത് 8 ശതമാനവും ആയിരുന്നു. രോഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന കർശനമാക്കിയതോടെയാണ് കണക്കുകൾ ഉയരുന്നത്. ആശങ്കപ്പെടുത്തും വിധം സംസ്ഥാനത്ത് ക്ലസ്റ്ററുകൾ രൂപപ്പെടുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രോഗികൾ കൂടുന്നു എങ്കിലും ആശുപത്രികളിൽ കിടത്തി ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധന ഇല്ല. അതേസമയം ദില്ലിക്കടുത്ത് ഗാസിയബാദിലും നോയിഡയിലും കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. രണ്ടിടത്തും ഈ വർഷം ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios