'പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്, വനിതാസംവരണം ഉടനടി നടപ്പാക്കാൻ ഉത്തരവിടാനാകില്ല'; സുപ്രീംകോടതി
വനിതാസംവരണത്തിന് വേണ്ട ഭരണഘടനാഭേദഗതി രാഷ്ട്രപതി ഒപ്പിട്ടെങ്കിലും അടുത്ത സെൻസസിനെ തുടർന്നുള്ള മണ്ഡല പുനഃനിർണയം പൂർത്തിയാക്കിയാൽ മാത്രമേ അത് നടപ്പാക്കുകയുള്ളു.

ദില്ലി: വനിതാസംവരണം ഉടനടി നടപ്പാക്കാൻ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി. ഈക്കാര്യത്തിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് സുപ്രീംകോടതി. 2024 പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വനിതാസംവരണം നടപ്പാക്കാൻ വേണ്ട ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഡോ. ജയാതാക്കൂറാണ് കോടതിയെ സമീപിച്ചത്. വനിതാസംവരണത്തിന് വേണ്ട ഭരണഘടനാഭേദഗതി രാഷ്ട്രപതി ഒപ്പിട്ടെങ്കിലും അടുത്ത സെൻസസിനെ തുടർന്നുള്ള മണ്ഡല പുനഃനിർണയം പൂർത്തിയാക്കിയാൽ മാത്രമേ അത് നടപ്പാക്കുകയുള്ളു.
മണ്ഡല പുനഃനിർണയം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ വനിതാസംവരണം പ്രാബല്യത്തിൽ വരുകയുള്ളുവെന്ന വ്യവസ്ഥ റദ്ദാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ജസ്‌റ്റിസ് സഞ്‌ജീവഖന്ന, എസ്‌വിഎൻ ഭാട്ടി എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഹർജി ഈ മാസം 22ന് വീണ്ടും പരിഗണിക്കും.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബില്‍. ലോക്സഭയിലും രാജ്യസഭയിലും പാസായ ബില്ല് 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അറിയിച്ചത്. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂ. സെന്‍സെസ്, മണ്ഡല പുനര്‍ നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായ ശേഷമേ നിയമം നടപ്പാക്കാനാകൂ എന്ന് മന്ത്രി പറഞ്ഞിരുന്നു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമേ ഈ നടപടികള്‍ തുടങ്ങൂ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയതോടെ വനിതാ സംവരണം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവില്ലെന്ന് ഉറപ്പാവുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8