'കായികബലം കാണിക്കാനുള്ള സ്ഥലമല്ല, ജയിലിൽ പ്രതികളെ മർദ്ദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ല': ഹൈക്കോടതി
വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ മർദിച്ചെന്നാരോപിച്ച് രണ്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.

കൊച്ചി : പ്രതികളെ ഉദ്യോഗസ്ഥർ ജയിലിൽ മർദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകളെന്നും കോടതി ഓർമിപ്പിച്ചു. വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ മർദിച്ചെന്നാരോപിച്ച് രണ്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ഡെപ്യൂട്ടി സൂപ്രണ്ട് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നാണ് ആരോപണം.
വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രതികൾ ജയിലിലുണ്ടാകും, അവരോട് സമാധാനത്തിൽ പെരുമാറണം. സ്വയം നവീകരിക്കാനാണ് പ്രതികളെ ജയിലുകളിൽ അയക്കുന്നതെന്ന് ഉദ്യോഗസ്ഥർ ഓർക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്താൻ ക്രൈം എഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാനും നിർദേശമുണ്ട്.