Asianet News MalayalamAsianet News Malayalam

'ഒരു ടേം കൂടി', ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെ പി നദ്ദ തുടർന്നേക്കും

ലോകസഭാ തിരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കെ നദ്ദ തന്നെ ഒരു ടേം കൂടി തുടരട്ടെയെന്നാണ് പാർട്ടി തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. 

There are reports that J P Nadda may continue as BJP National President
Author
First Published Sep 26, 2022, 9:43 PM IST

ദില്ലി: ബി ജെ പി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെ പി നദ്ദ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ജനുവരിയില്‍ അധ്യക്ഷ സ്ഥാനത്ത് നദ്ദ മൂന്ന് വർഷം പൂർത്തിയാക്കും. ലോകസഭാ തിരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കെ നദ്ദ തന്നെ ഒരു ടേം കൂടി തുടരട്ടെയെന്നാണ് പാർട്ടി തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. 2020 ല്‍ അമിത് ഷാ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ജെ പി നദ്ദ ബി ജെ പി അധ്യക്ഷസ്ഥാനത്തെത്തിയത്. അതേസമയം ബി ജെ പി പ്രവര്‍ത്തക സമ്മേളനത്തില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ജെ പി നദ്ദ ഉയര്‍ത്തിയത്. 

ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്നും അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണ് സര്‍ക്കാര്‍ പോകുന്നതെന്നും ജെ പി നദ്ദ വിമര്‍ശിച്ചു. കൊവിഡ് കാല പർച്ചേഴ്സിലടക്കം നടന്നത് അഴിമതിയാണെന്നാണ് വിമര്‍ശനം. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ പരാമർശിച്ച നദ്ദ, സർവ്വകലാശാലകളിൽ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും കുറ്റപ്പെടുത്തി. തീവ്രവാദത്തിന്‍റെ ഹോട്ട്സ്പോട്ടായി കേരളം മാറുകയാണെന്നും നദ്ദ ആരോപിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജെ പി നദ്ദ കേരളത്തിലെത്തിയത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിൽ നദ്ദ ദർശനം നടത്തി. നവരാത്രി ഉത്സവത്തിന്‍റെ ആരംഭദിനത്തിലാണ് പാർട്ടി നേതാക്കൾക്ക് ഒപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ബി ജെ പി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യാൻ ഇന്നലെയാണ് ജെ പി നദ്ദ കോട്ടയത്ത്‌ എത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് നദ്ദ തിരുവനന്തപുരത്തേക്ക് പോയത്.

Follow Us:
Download App:
  • android
  • ios