മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിൽ പാർട്ടിക്കുള്ളിൽ പ്രശ്നമില്ലെന്നും പ്രശ്നമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അനിൽ ആന്റണി പറഞ്ഞു. 

ദില്ലി: മിസോറാമിൽ ബിജെപിക്ക് നേട്ടമെന്ന് ബിജെപി നേതാവ് അനിൽ ആൻ്റണി. രാഹുലിൻ്റെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയിൽ എറിഞ്ഞെന്ന് അനിൽ ആൻ്റണി പറഞ്ഞു. പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇല്ലാതായി. മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിൽ പാർട്ടിക്കുള്ളിൽ പ്രശ്നമില്ലെന്നും പ്രശ്നമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അനിൽ ആന്റണി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് അനിൽ ആന്റണിയുടെ പ്രതികരണം വന്നത്. 

അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. മധ്യപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ശിവരാജ്സിംഗ് ചൗഹാൻ തുടരട്ടെ എന്നാണ് നിലവിലെ ധാരണ. പുതുമുഖത്തെ കൊണ്ടുവരാൻ ദേശീയ നേതൃത്വം ആലോചിച്ചെങ്കിലും, ചൗഹാന്‍റെ ജനപ്രീതി പരിഗണിച്ചേക്കും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും നരേന്ദ്ര സിംഗ് തോമറും ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയും മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കുന്നവരാണ്.

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ പുത്തൻ കുതിപ്പ്, ഇസെഡ് പിഎം അധികാരത്തിലേക്ക്

രാജസ്ഥാനിൽ വസുന്ധരരാജെ സിന്ധ്യ, ബാബ ബാലക്നാഥ്‌, ഗജേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകൾ ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഛത്തീസ്‌ഗഡിൽ രമൺ സിംഗ്, അരുൺ സാഹോ, രേണുക സിംഗ്, ഒ.പി.ചൗധരി എന്നിവരാണ് പരിഗണനയിൽ. റായ്പുരിൽ എത്തിയ കേന്ദ്ര മന്ത്രി മൺസൂഖ് മാണ്ഡ്യവ്യയും ഓം മാത്തൂരും എംഎൽഎമാരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. അതേസമയം തെലങ്കാനയിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായം ഈ യോഗത്തിൽ തേടും. രേവന്ത് റെഡ്ഡിയുടേയും ഡികെ ശിവകുമാറിന്‍റേയും നേതൃത്വത്തിൽ എംഎൽഎമാര്‍ ഇന്നലെ ഗവർണറ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു.

https://www.youtube.com/watch?v=Ko18SgceYX8