ദില്ലി : ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുന്ന ദില്ലിയിൽ, പെരുവഴിയിലായിരിക്കുകയാണ് ഒരു കൂട്ടം മനുഷ്യർ. കോടതി ഉത്തരവ് നിലനിൽക്കെയാണ് യാതൊരു മുന്നറിയിപ്പും കൂടാതെ ഷാക്കൂർ ബസ്തിയിലെ ചേരി റെയിൽവേ അധികൃതർ ഒഴിപ്പിച്ചതോടെയാണ് ഇവര്‍ പെരുവഴിയിലായത്.

അവർ വന്നു എല്ലാം നശിപ്പിച്ചു, കഴിക്കാൻ വച്ചിരുന്ന ഭക്ഷണം വരെ എടുത്ത് എറിഞ്ഞു, ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി, ഉപദ്രവിച്ചുവെന്നും ചേരിയില്‍ ഒഴിയേണ്ടി വന്നവര്‍ ആരോപിക്കുന്നു. വീട് എല്ലാം പൊളിച്ചു, ഗ്രാമത്തിൽ പോകാൻ നിവ്യത്തിയില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് കെജ്‍രിവാൾ വാക്ക് തന്നതാണ് സർക്കാർ അധികാരത്തിൽ എത്തിയ ചേരി പൊളിക്കില്ലെന്നും കുടിയൊഴിക്കപ്പെട്ടവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ ബുധനാഴ്ചയാണ് യതൊരു മുന്നിറിയിപ്പും കൂടാതെ റെയിൽവേ അധികൃതർ ഇവരുടെ കുടിലുകൾ പൊള്ളിച്ചു നീക്കിയത്. വർഷങ്ങളായി ഷാക്കൂർ ബസ്തി റെയിൽവേ സ്റ്റേഷനോട് ചേർന്ന് കുടില്‍കെട്ടി താമസിച്ചവരെയാണ് ഒഴിപ്പിച്ചത്. നിരവധി തവണ ചേരി പൊളിക്കാൻ റെയിൽവേ ശ്രമങ്ങൾ നടത്തിയതോടെ ഇവർ കോടതിയെ സമീപിച്ചിരുന്നു. പുനരധിവാസം ഉറപ്പ് വരുത്താതെ കുടിയിറക്കരുതെന്ന് കഴിഞ്ഞ മാർച്ചിൽ ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ്  റെയില്‍വേയുടെ നടപടി.