ചെന്നൈ: പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന മെഡല്‍ ദാന ചടങ്ങില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി വിദ്യാര്‍ഥിനി റബീഹ അബ്‍ദുറഹിമാന്‍. എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് റബീഹ യൂണിവേഴ്സിറ്റിയില്‍ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. 

"രാഷ്ട്രപതി സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിക്കുന്ന ചടങ്ങ് തുടങ്ങാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് എന്നെ പുറത്താക്കിയത്. പരിപാടിയില്‍ പങ്കെടുക്കാനുള്ള പരിശോധനയും സ്ക്രീനിംഗും എല്ലാം അവസാനിച്ചിരുന്നു. പരിപാടി തുടങ്ങാനായി എല്ലാവരും കാത്തിരിക്കുകയാണ്. പ്രസിഡന്‍റ് വരുന്നതിന് തൊട്ടുമുമ്പ് സുരക്ഷ ഉദ്യോഗസ്ഥര്‍ വന്നു. ഒരുകാര്യം സംസാരിക്കാനുണ്ട്, ഒന്നു പുറത്തേക്ക് വരാന്‍ പറഞ്ഞു. എന്നെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് വിളിച്ചത്.

മറ്റുകുട്ടികള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോള്‍ വ്യക്തമായ ഉത്തരം തന്നില്ല. ഞാന്‍ ഉദ്യോഗസ്ഥരോടൊപ്പം പുറത്തെത്തിയപ്പോള്‍ അവര്‍ ഓഡിറ്റോറിയത്തിന്‍റെ വാതില്‍ അടച്ചു, കുറച്ചു നേരം കാത്തിരിക്കാന്‍ പറഞ്ഞു. ഞാന്‍ അവിടെ ഉദ്യോഗസ്ഥനെ കാത്തിരുന്നു. എന്നാല്‍, ഏറെ നേരം കഴിഞ്ഞിട്ടും അയാള്‍ എത്തിയില്ല. അവിടെയുള്ള ലോക്കല്‍ പൊലീസിനോട് വിവരം പറഞ്ഞുപ്പോള്‍ അവര്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞു.

എന്തുകൊണ്ടാണ് എന്നെ പുറത്താക്കിയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. രാഷ്ട്രപതി പോയിക്കഴിഞ്ഞപ്പോഴാണ് എന്നെ അകത്തുകയറ്റിയത്. എനിക്ക് വല്ലാത്ത നിരാശയും സങ്കടവുമായി. എന്നെ പുറത്താക്കാനുള്ള കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. എന്‍റെ ആത്മാഭിമാനം തിരിച്ചെടുക്കാനായിരുന്നു ഞാന്‍ മെഡല്‍ നിരസിച്ചത്. മറ്റൊന്ന് പൗരത്വ നിയമഭേദഗതിക്കെതിരെയും എന്‍ആര്‍സിക്കെതിരെയും തെരുവില്‍ പോരാടുന്ന എല്ലാ വിദ്യാര്‍ഥികളോടും ഐക്യപ്പെട്ടാണ് ഞാന്‍ മെഡല്‍ നിരസിക്കുന്നത്"- റബീഹ പറഞ്ഞു.  

എം എ  മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവാണ് റബീഹ. 189 പേരിൽ തിരഞ്ഞെടുത്ത പത്ത് പേർക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങിയ ശേഷമാണ് റബീഹയ്ക്ക് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. തനിക്ക് നേരിട്ട മനോവിഷമത്തേക്കുറിച്ച് സര്‍വകലാശാല അധികൃതരോട് റബീഹ വിശദമാക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിഷേധ സൂചകമായി സ്വര്‍ണ മെഡല്‍ നിരസിച്ചു റബീഹ. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 

അതേസമയം പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്  പങ്കെടുത്ത ബിരുദദാന ചടങ്ങ് മൂന്ന് വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു. പൗരത്വ ഭേദഗതി നിയമത്തിലും, സർവകലാശാലകളിലെ പൊലീസ് നടപടികളിലും പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിച്ചത്. ഇലക്ട്രോണിക്സ് മീഡിയ ഒന്നാം റാങ്കുകാരി കാർത്തിക, പിഎച്ച്ഡി ജേതാക്കളായ അരുൺകുമാർ, മെഹല്ല എന്നിവരാണ് ചടങ്ങ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്.

വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സർവകലാശാലയിൽ ഒരുക്കിയിരുന്നത്. കേന്ദ്ര സേനയുടെ വലയത്തിലായിരുന്നു സര്‍വകലാശാല പരിസരം. മൊബൈല്‍ ഫോണ്‍ പോലും ഹാളിനുള്ളില്‍ അനുവദിച്ചിരുന്നില്ല.