ബെം​ഗളൂ​രൂ: മോഷ്ടിച്ച മാല തിരികെ ഉടമസ്ഥനെ ഏൽപ്പിക്കാൻ ടിവി ചാനലിലേക്ക് അയച്ച് കൊടുത്ത് മോഷ്ടാവ്. ബെംഗളൂരൂവിലാണ് സംഭവം. ഉടമസ്ഥന് നൽകുന്നതിന് ഏഷ്യാനെറ്റ് ന്യൂസിന്റെ സഹോദര മാധ്യമ സ്ഥാപനമായ സുവർണാ ന്യൂസിലേക്കാണ്(കന്നഡ) മോഷ്ടാവ് മാല അയച്ചുകൊടുത്തത്.

ഒരു ചെറു കുറിപ്പോടു കൂടിയാണ് മോഷ്ടാവ് മാല, തപാൽ വഴി ടിവി ചാനലിലേക്ക് അയച്ചത്. ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും കത്തിൽ ഇയാൾ ആവശ്യപ്പെടുന്നു. ഉടമസ്ഥന്റെ മേൽവിലാസവും ഇയാൾ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

''കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട ഞാന്‍ ആദ്യമായാണ് മോഷണത്തിലേർപ്പെട്ടത്, പക്ഷേ ചെയ്തത് തെറ്റാണെന്ന്  ഇപ്പോൾ തിരിച്ചറിയുന്നു. മാലനഷ്ടപ്പെട്ടവരുടെ കുടുംബത്തോടും ബെംഗളൂരു പൊലീസിനോടും  മാപ്പ് ചോദിക്കുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമോയെന്ന് എനിക്ക് ഭയമുണ്ട്. പ്രളയകാലത്തടക്കം മികച്ച റിപ്പോർട്ടിങ്ങിലൂടെ ആയിരങ്ങൾക്ക് തുണയായ സുവർണ ന്യൂസ് ഇത് കൃത്യമായി ഉടമസ്ഥരുടെ കൈയിലെത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്.'' ഇങ്ങനെയായിരുന്നു കത്തിൽ കുറിച്ചത്. 

സുവർണാ ന്യൂസിലെ അവതാരകനായ ജയപ്രകാശ് ഷെട്ടിയുടെ വിലാസത്തിലാണ് മോഷ്ടാവ് മാല ആയച്ച് കൊടുത്തിരിക്കുന്നത്. മാലയുടെ ഉടമസ്ഥന്‍റെ അഡ്രസും കത്തിലുണ്ടായിരുന്നു. ഇന്ദിരാ നഗർ സ്വദേശിനിയായ കസ്തൂരിയുടേതായിരുന്നു മാല, സെപ്റ്റംബർ 9 ന് വഴിയരികില്‍വച്ച് തന്‍റെ താലി പറിച്ചോടിയ കള്ളനെതിരെ കസ്തൂരിയും ഭർത്താവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്‍റെ സഹായത്തോടെ ദമ്പതികളെ കണ്ടെത്തി ചാനല്‍ സ്റ്റുഡിയോയിലെത്തിച്ച്  തല്‍സമയം മാല കൈമാറി.