റാഞ്ചി(ജാംഷെഡ്പൂര്‍): കൊവിഡ് രോഗിയുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ കടന്നുകളഞ്ഞത് ഭക്ഷണമുണ്ടാക്കി കഴിച്ച ശേഷം. ജാര്‍ഖണ്ഡിലെ ജാംഷെഡ്പൂരിലാണ് സംഭവം. കൊവിഡ് രോഗിയായുടെ ആളുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ അടുക്കളയില്‍ കയറി മട്ടനും ചോറും ഉണ്ടാക്കി കഴിച്ച ശേഷം മോഷണം നടത്തിയതായാണ് റിപ്പോര്‍ട്ട്. 50000 രൂപയും ആഭരണങ്ങളും വീട്ടില്‍ നിന്ന് മോഷണം പോയതായാണ് പരാതി. 

വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. ജാംഷെഡ്പൂരിലെ ഹാലിബ്ദോനിയിലുള്ള കൊവിഡ് രോഗിയുടെ വീട്ടിലാണ് വിചിത്ര രീതിയില്‍ മോഷണം നടന്നത്. പര്‍സുദിയ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. ടാറ്റ മെയിന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വീട്ടുകാര്‍. കണ്ടെയിന്‍മെന്‍റ് മേഖലയായി പ്രഖ്യാപിച്ച പ്രദേശത്തായിരുന്നു വീട്. ഈ മേഖലയില്‍ പൊലീസ് പട്രോളിംഗ് നടക്കുന്ന ഇടമാണ്. ഇതിനിടയിലും മോഷണം പോയത് അന്വേഷിക്കുമെന്ന് ഡിഎസ്പി അലോക് രഞ്ജന്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പ്രധാന വാതില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അകത്ത് കടന്ന ഇവര്‍ മോഷണത്തിന് ശേഷം അടുക്കളയില്‍ കടന്ന് ചപ്പാത്തി, ചോറ്, മട്ടന്‍ എന്നിവ ഉണ്ടാക്കി കഴിച്ച ശേഷമാണ് കടന്നുകളഞ്ഞത്. വെള്ളിയാഴ്ചയാണ് കൊവിഡ് രോഗിയുടെ സഹോദരന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജൂലൈ എട്ടിന് സഹോദരന് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണെന്നും വീടും പരിസരവും കണ്ടെയ്ന്‍മെന്‍റ് സോണിലായിരുന്നുവെന്നും യുവാവ് പരാതിയില്‍ പറയുന്നു. 

മുന്‍വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‌‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ചാണ് വീട് പരിശോധിക്കാന്‍ കൊവിഡ് രോഗി സഹോദരനോട് ആവശ്യപ്പെട്ടത്. സമാനമായ മറ്റൊരു സംഭവവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സീതാറാംദേര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ വിലപിടിച്ച വസ്തുക്കള്‍ക്കൊപ്പം സാനിറ്റൈസറും മോഷ്ടിച്ചതാണ് ഈ സംഭവം.