ദില്ലി: ലോക്ക്ഡൗണ്‍ കാലത്ത് കള്ളന്മാര്‍ കുറ്റം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോബ്‌ഡെയുടെ അഭിപ്രായ പ്രകടനം. സര്‍ക്കാറിന്റെ പ്രധാനപ്പെട്ട മൂന്ന് അവയവങ്ങളും ഒത്തൊരുമയോടെയാണ് പ്രതിസന്ധിക്കാലത്ത് പവര്‍ത്തിക്കുന്നത്. ക്ഷമയാണ് ഇപ്പോള്‍ ആവശ്യമെന്നും രാജ്യം ക്ഷമയാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ എല്ലാ വിഭാഗങ്ങളും അവരവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നു. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധികളും ഭരണാധികാരികള്‍ നന്നായി കൈകാര്യം ചെയ്യുന്നു. എക്‌സിക്യൂട്ടിവിനോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സാധ്യമായതെല്ലാം ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഒറ്റ പൗരനെപ്പോലും അപടത്തില്‍പ്പെടുത്താതിരിക്കാന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.

എന്തെങ്കിലും അശ്രദ്ധയുണ്ടാകുമ്പോള്‍ നീതിന്യായ വ്യവസ്ഥ കൃത്യമായി ഇടപെടും. കോടതികള്‍ക്ക് കഴിയും വിധം പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കും. വിശ്രമമില്ലാതെ കേസുകള്‍ തീര്‍പ്പാക്കാന്‍ കോടതി ശ്രമിക്കുന്നു. കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന്  സര്‍ക്കാറിനോട് ആരാഞ്ഞിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് എല്ലാ സഹായം ചെയ്ത് കൊടുക്കാനും പരിശോധന ഫലം നെഗറ്റീവാകുന്നവരെ വീടുകളിലെത്തിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ജനുവരിയില്‍ പ്രതിദിനം 205 കേസുകള്‍ വന്നിരുന്ന സ്ഥാനത്ത് ഏപ്രിലില്‍ ആകെ 305 കേസുകളാണ് എത്തിയത്. ലോക്ക്ഡൗണ്‍ കാരണമല്ല കേസുകള്‍ കുറഞ്ഞത്. കള്ളന്മാര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.