Asianet News MalayalamAsianet News Malayalam

കുഴൽക്കിണറിൽ വീണ കുഞ്ഞിനെ പുറത്തെടുക്കാൻ തുണിസഞ്ചി തുന്നി അമ്മ, പ്രാർത്ഥനയോടെ തമിഴകം

തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷിക്കാൻ ഒരു മീറ്റർ അകലെ സമാന്തര തുരങ്കം നിർമിക്കാൻ ശ്രമിക്കുകയാണ് ദുരന്ത നിവാരണ സേന.

third day of rescue operations to get two year old sujith fallen deep to a borewell in tamil nadu
Author
Thiruchirapalli, First Published Oct 27, 2019, 8:01 AM IST

തിരുച്ചിറപ്പള്ളി: പുലർച്ചെ അഞ്ചരയാണ് സമയം. രണ്ടര വയസ്സുകാരൻ സുജിത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബവും ജനങ്ങളും. കുഞ്ഞിനോട് കണ്ണടയ്ക്കല്ലേ, തളരല്ലേ എന്ന് ഒരു മൈക്കെടുത്ത് തുരങ്കത്തിലൂടെ അമ്മയും അച്ഛനും തുടർച്ചയായി വിളിച്ചു പറയുകയാണ്. കുഞ്ഞിനോട് സംസാരിക്കുമ്പോൾ, ധൈര്യം കൈവിടുന്നില്ല കലൈ റാണിയെന്ന അമ്മ. പക്ഷേ, അവിടെ നിന്ന് മാറുമ്പോൾ കണ്ണീരടങ്ങുന്നില്ല. 

കുഞ്ഞിനെ തുരങ്കത്തിൽ നിന്ന് പുറത്തെടുക്കാൻ ഒരു തുണിസഞ്ചി കിട്ടിയാൽ നന്നായിരുന്നുവെന്ന് ഒരു രക്ഷാപ്രവർത്തകൻ പറയുന്നു. പുലർച്ചെ തുണിസഞ്ചി തുന്നാൻ ആരുണ്ട്? ഞാനുണ്ട്, കലൈറാണി പറഞ്ഞു. ഇതിനെല്ലാമിടയിലും അവർ സ്വന്തം തുന്നൽ മെഷീന് മുന്നിലിരുന്ന് വെളുത്ത തുണി വെട്ടിത്തുന്നി, കുഞ്ഞ് സഞ്ചിയുണ്ടാക്കാൻ.

ന്യൂ ഇന്ത്യൻ എക്സ്പ്രസിന്‍റെ ലേഖകനായ ജയകുമാർ മദാല പങ്കുവച്ച, ഒരു പഴയ തുന്നൽ മെഷീന് മുന്നിലിരുന്ന് സഞ്ചി തുന്നുന്ന കലൈ റാണിയുടെ ഈ ചിത്രം ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. തകർന്ന് പോയപ്പോഴും ധൈര്യം കൈവിടാത്ത ഒരമ്മയുടെ അടയാളമാകുന്നു ഇത്. 

സമാന്തര തുരങ്കം നിർമിക്കുന്നു

തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം 38 മണിക്കൂർ പിന്നിടുമ്പോൾ കുഴൽക്കിണറിന് ഒരു മീറ്റർ അകലെ തുരങ്കം നിർമ്മിക്കുകയാണ് ദുരന്ത നിവാരണ സേന. ഒഎൻജിസിയിൽ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീൻ ഉപയോഗിച്ചാണ് കുഴി എടുക്കുന്നത്. 110 അടി താഴ്ചയിൽ വഴി തുരന്ന്, ദുരന്തനിവാരണ സേനയുടെ ഉദ്യോഗസ്ഥനെ അയച്ച് കുട്ടിയെ പുറത്തേക്ക് എടുത്തു കൊണ്ടുവരാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.

ഇത് വിജയം കണ്ടില്ലെങ്കിൽ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് തമിഴ്‍നാട് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. വാക്വം സിസ്റ്റം ഉപയോഗിച്ച്, കുട്ടി കൂടുതൽ താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് ഉദ്യോഗസ്ഥർ ഇപ്പോൾ. ഏതാണ് 90 അടി താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളതെന്നാണ് വിവരം. 

ഇന്നലെ പുലർച്ചെയോടെ കുട്ടി പ്രതികരിക്കാതായിരുന്നു. ഇപ്പോഴും കുഞ്ഞിനോട് അച്ഛനും അമ്മയും മൈക്കിലൂടെ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. 

പുലർച്ചെ ആറ് മണി മുതൽ സമാന്തര കുഴിയെടുക്കാനുള്ള ഡ്രില്ലിംഗ് തുടങ്ങിയിട്ടുണ്ട്. എന്നാൽ എട്ട് മണിയായിട്ടും 30 അടി താഴ്ചയിലെത്തിയിട്ടേയുള്ളൂ. കുഞ്ഞിനെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഇതെന്ന് രക്ഷാദൗത്യസംഘം അറിയിച്ചു. പതുക്കെയെങ്കിലും ഉച്ചയോടെ കുഞ്ഞിനടുത്ത് എത്താനാകുമെന്നാണ് രക്ഷാദൗത്യ സംഘത്തിന്‍റെ പ്രതീക്ഷ.

Image

അച്ഛന്‍റെ കൃഷിയിടത്തിലെ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിന് സമീപത്ത് കളിക്കവേയാണ് രണ്ടരവയസ്സുകാരനായ സുജിത്ത് അകത്തേയ്ക്ക് വഴുതി വീണത്. സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ കുഞ്ഞിന്‍റെ കൈയും കാലും കാണാനുണ്ട്.

(ചിത്രങ്ങൾക്ക് കടപ്പാട്: ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ ജയകുമാർ മദാല)

Follow Us:
Download App:
  • android
  • ios