ഏഷ്യാനെറ്റ്ന്യൂസ് പരമ്പര - പാളത്തിലാകുമോ അതിവേഗം.

കോഴിക്കോട്: തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ നാലുമണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയിലിന് മന്ത്രിസഭാ അംഗീകാരം നല്‍കിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും തുടങ്ങി. നിലവിലുള്ള അലൈന്‍മെന്‍റില്‍ പദ്ധതി നടത്താനാവില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനിര്‍ പറഞ്ഞു. സെമി ഹൈസ്പീഡ് റെയിലിന്‍റെ പ്രവര്‍ത്തനവുമായി സംസ്ഥാന സര്‍ക്കാര്‍ സജീവമായി മുന്നോട്ടു പോവുകയാണെന്നായിരുന്നു മന്ത്രി ജി സുധാകരന്‍റെ പ്രതികരണം.

വേഗം മണിക്കൂറില്‍ 200 കിമീ. നിര്‍മാണക്കാലയളവ് അഞ്ചുകൊല്ലം. പ്രതിദിനം 80,000 യാത്രക്കാര്‍, അഞ്ചുകൊല്ലം കൊണ്ട് പൂര്‍ത്തിയാക്കിയാല്‍ 63,941 കോടി രൂപ ചെലവ് ഇതാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന പദ്ധതി. കാസര്‍കോട് മുതല്‍ തിരൂര്‍ വരെ റെയില്‍പാതയ്ക്ക് സമാന്തരമായിരിക്കും പാത. തിരുവനന്തപുരം കാസർക്കോട് സില്‍വര്‍ റെയില്‍ കോറിഡ‍ോര്‍. പദ്ധതിയുമായി സജീവമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം.

യുഡ‍ിഎഫ് നിലവിലെ അലൈന്‍മെന്‍റിന് എതിരാണ്. ഈ രീതിയിലാണ് പദ്ധതിയെങ്കില്‍ എതിര്‍ക്കാന്‍ തന്നെയാണ് യുഡിഎഫ് തീരുമാനം. തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് പദ്ധതിയെന്ന് എം കെ മുനീര്‍ ആരോപിക്കുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ആറുമാസം മാത്രം ബാക്കി നിൽക്കെ പ്രധാന വാഗ്ദാനമായി എല്‍ഡിഎഫ് ഈ പദ്ധതിയെ ഇത്തവണ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. വികസനത്തിന് എതിരല്ലെന്നും ഇതേ പദ്ധതി ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ നടപ്പാക്കാമെന്നും യുഡിഎഫ് പ്രഖ്യാപിക്കുന്നു.