ദില്ലി: വാഹനവിപണിയെ കൂടുതൽ ശക്തമാക്കാൻ സർക്കാർ സഹായം വേണമെന്ന് മാരുതി സുസുകി എംഡി കെനികി അയുകവ. നിലവിൽ 28 ശതമാനമുള്ള ജിഎസ്‌ടി 18 ശതമാനമാക്കി കുറയ്ക്കണമെന്ന് വാഹനനിർമ്മാതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

"ഇത് ബുദ്ധിമുട്ടേറിയ കാലമാണ്. കഴിഞ്ഞ കാലങ്ങളിൽ നികുതി ഇളവ് വളരെയേറെ സഹായിച്ചിരുന്നു. സർക്കാർ അങ്ങനെയൊരു തീരുമാനമെടുത്താൽ അത് വളരെയേറെ ഉപകാരപ്രദമാകും. ഞങ്ങളുടെ ഭാഗത്ത് നിന്നും പരിശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്," അയുകവ പറഞ്ഞു.

പാസഞ്ചർ വാഹനങ്ങളുടെ വിപണിയിൽ 31 ശതമാനത്തിന്റെ ഇടിവാണ് ജൂലൈയിൽ ഉണ്ടായിരിക്കുന്നത്. മാരുതി സുസുകി എംപിവി എക്സ്എൽ6 ന്റെ ലോഞ്ചിംഗിനിടയിലാണ് എംഡി ഇക്കാര്യം പറഞ്ഞത്. അടുത്ത മാസങ്ങളിൽ വിൽപ്പനയിൽ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി പറഞ്ഞു.