'സാമൂഹ്യമാധ്യമങ്ങളിലെ ആളിക്കത്തലുകൾ വളരെ ഭീകരമാണ്. അതിൽനിന്ന് ആരും പുറത്തേക്ക് വരാൻ പോകുന്നില്ല. ദയവായി യുദ്ധം വേണമെന്ന് മുറവിളി കൂട്ടുന്നത് നിർത്തണമെന്ന് സാമൂഹ്യമാധ്യമങ്ങളിലെ യോദ്ധാക്കളോട് അപേക്ഷിക്കുകയാണ്. നിങ്ങൾക്കത്രയ്ക്ക് ആ​ഗ്രഹമുണ്ടെങ്കിൽ സൈന്യത്തിൽ പോയി ചേരൂ. എന്നിട്ട് യുദ്ധം ചെയ്യുന്നത് എങ്ങനെയുണ്ടെന്ന് അനുഭവിച്ചറിയൂ', നാസിക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജേത.

മുംബൈ: യുദ്ധത്തിനുവേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ മുറവിളി കൂട്ടുന്നവരെ വിമർശിച്ച് ബുദ്ഗാമില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീരമൃത്യു സൈനികന്‍ നിനാഥ് മന്ദവാ​ഗ്നെയുടെ ഭാര്യ വിജേത. സുരക്ഷിതമായൊരിടത്തുനിന്ന് യുദ്ധത്തിനായി നിലവിളിക്കുന്നവർ അതിർത്തിയിൽ പോയി നേരിട്ട് യുദ്ധം ചെയ്യട്ടെയെന്ന് വിജേത പറഞ്ഞു.

'സാമൂഹ്യമാധ്യമങ്ങളിലെ ആളിക്കത്തലുകൾ വളരെ ഭീകരമാണ്. അതിൽനിന്ന് ആരും പുറത്തേക്ക് വരാൻ പോകുന്നില്ല. ദയവായി യുദ്ധം വേണമെന്ന് മുറവിളി കൂട്ടുന്നത് നിർത്തണമെന്ന് സാമൂഹ്യമാധ്യമങ്ങളിലെ യോദ്ധാക്കളോട് അപേക്ഷിക്കുകയാണ്. നിങ്ങൾക്കത്രയ്ക്ക് ആ​ഗ്രഹമുണ്ടെങ്കിൽ സൈന്യത്തിൽ പോയി ചേരൂ. എന്നിട്ട് യുദ്ധം ചെയ്യുന്നത് എങ്ങനെയുണ്ടെന്ന് അനുഭവിച്ചറിയൂ', നാസിക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജേത.

ബുധനാഴ്ച കശ്മീരിലെ ബുദ്ഗാമിൽ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണാണ് നിനാഥ് മന്ദവാ​ഗ്നെ കൊല്ലപ്പെട്ടത്. സേനയുടെ എംഎ 17 ഹെലികോപ്ടറാണ് തകര്‍ന്നത്. വ്യാഴാഴ്ച നാസികില്‍ എത്തിച്ച നിനാഥിന്റെ ഭൗതിക ശരീരം വെള്ളിയാഴ്ചയാണ് സംസ്‌കരിച്ചത്. മഹാരാഷ്ട്രയിലെ ഗോദാവരി തീരത്ത് പൂര്‍ണ്ണ സൈനിക ബഹുമതിയോടെയാണ് അന്ത്യകർമ്മ ചടങ്ങുകള്‍ നടന്നത്.

2009ലാണ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠിച്ച നിനാഥ് വ്യോമസേനയില്‍ ചേര്‍ന്നത്. ബോണ്‍സ്‍ല മിലിട്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ഇദ്ദേഹം. ഹോക്കി കളിക്കാരനായ നിനാഥ് ദേശീയ തലത്തിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഭാര്യയും രണ്ട് വയസുള്ള മകളും മാതാപിതാക്കളും സഹോദരനുമൊപ്പമായിരുന്നു നിനാഥ് താമസിച്ചിരുന്നത്. റിട്ടയേര്‍ട് ബാങ്ക് ജീവനക്കാരാണ് നിനാഥിന്റെ മാതാപിതാക്കൾ.

വളരെ ചെറുപ്പത്തിൽ തന്നെ സൈന്യത്തിൽ ചേരണമെന്ന ആ​ഗ്രഹം നിനാഥിനുണ്ടായിരുന്നു. അതവൻ നേടിയെടുക്കുകയും ചെയ്തു. ലഭിച്ച നല്ല ജോലി ഉപേക്ഷിച്ചാണ് നിനാഥ് വ്യോമസേനയില്‍ ചേര്‍ന്നതെന്നും പിതാവ് പറഞ്ഞു. അധ്യാപര്‍ക്കും നിനാഥിനെക്കുറിച്ച് മികച്ച അഭിപ്രായം തന്നെയാണുള്ളത്. പഠിക്കുന്നകാലത്ത് നിനാഥായിരുന്നു തന്റെ മികച്ച വിദ്യാർഥിയെന്ന് ബോൻസ്‍ല മിലട്ടറി സ്കൂൾ പ്രിൻസിപാൾ ആയിരുന്ന എ വൈ കുൽകർക്കിണി പറഞ്ഞു.

സ്‌ക്വാഡ്രണ്‍ ലീഡര്‍ ആവുന്നതിന് മുമ്പ് 2015ൽ ഗുവാഹത്തിയിലും ഖൊപഗ്പൂരിലും നിനാഥ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് ഒരുമാസം മുൻപാണ് നിനാഥ് കശ്മീരിലേക്ക് സ്ഥലംമാറി എത്തിയത്.