Asianet News MalayalamAsianet News Malayalam

'പൊതുമുതൽ നശിപ്പിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കണം'; വിവാദ പരാമർശവുമായി ബം​ഗാൾ ബിജെപി പ്രസിഡന്റ്

സംസ്ഥാനത്ത് പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ റെയിൽ‌വേ സ്വത്തുക്കളും പൊതുഗതാഗതവും നശിപ്പിക്കുന്നവർക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി നടപടി എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

those who destroy public property should be shot them says dilip ghosh
Author
Delhi, First Published Jan 13, 2020, 10:11 AM IST

ബം​ഗാൾ: പൊതു സ്വത്ത് നശിപ്പിക്കുന്നവരുടെ നേര്‍ക്ക് വെടിവെയ്ക്കണമെന്ന വിവാദ പ്രസ്താവനയുമായി ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. ഞായറാഴ്ച പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. സംസ്ഥാനത്ത് പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ റെയിൽ‌വേ സ്വത്തുക്കളും പൊതുഗതാഗതവും നശിപ്പിക്കുന്നവർക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി നടപടി എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'അവരുടെ നേർക്ക് വെടിയുതിർക്കാനും ലാത്തി പ്രയോ​ഗിക്കാനും മുഖ്യമന്ത്രി ശ്രമിച്ചില്ല' എന്നാണ് ദിലീപ് ഘോഷിന്റെ വിമർശനം. 

"അവർ നശിപ്പിക്കുന്ന പൊതു സ്വത്ത് ആരുടേതാണെന്നാണ് അവർ കരുതുന്നത്? അവരുടെ പിതാവിന്റെയാണോ? പൊതു സ്വത്ത് നികുതിദായകരുടെതാണ്. നിങ്ങൾ ഇവിടെ വന്ന്, ഞങ്ങളുടെ ഭക്ഷണം കഴിച്ച്, ഇവിടെ താമസിച്ച് പൊതു സ്വത്ത് നശിപ്പിക്കുന്നു. നിങ്ങളാണോ ഭൂവുടമ? നിങ്ങളെ ഞങ്ങൾ ലാത്തി കൊണ്ടടിച്ച്, വെടിവച്ച് ജയിലിൽ അടയ്ക്കും.'' ഘോഷ് പറഞ്ഞു. പൊതു സ്വത്തുക്കൾ നശിപ്പിച്ച ആളുകൾക്കെതിരെ ദീദിയുടെ (മമത ബാനർജി) പോലീസ് നടപടിയെടുത്തില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു. 'ഉത്തർപ്രദേശ്, അസം, കർണാടക എന്നിവിടങ്ങളിലെ നമ്മുടെ സർക്കാരുകൾ ഇവരെ നായ്ക്കളുടെ നേര്‍ക്ക് എന്നപോലെ വെടിയുതിര്‍ത്തിട്ടുണ്ടെന്നും' അവർ ചെയ്തത് ശരിയാണെന്നുമായിരുന്നു ഘോഷിന്റെ വിശദീകരണം. 

രാജ്യത്ത് രണ്ട് കോടി "മുസ്ലീം നുഴഞ്ഞുകയറ്റക്കാർ" ഉണ്ടെന്നും ഹിന്ദു ബംഗാളികളുടെ താൽപ്പര്യങ്ങൾ അട്ടിമറിക്കുന്നവരെ തിരിച്ചറിയണമെന്നും ഘോഷ് ആവശ്യപ്പെട്ടു. രണ്ട് കോടിയിൽ ഒരു കോടി ആളുകൾ പശ്ചിമ ബംഗാളിലാണെന്നും മമത ബാനർജി അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദ​ഗതിയെ പിന്തുണയ്ക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്.

Follow Us:
Download App:
  • android
  • ios