ദില്ലി: വുഹാനിൽ നിന്ന് ദില്ലിയിലെ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിൽ എത്തിച്ച 406 പേർക്ക് രോഗമില്ലെന്ന് പരിശോധന ഫലം. കഴിഞ്ഞ ആഴ്ചയാണ് കൊറോണ വൈറസ് രോഗം പടരുന്ന വുഹാനിൽ നിന്ന് ഇവരെ ദില്ലിയിൽ എത്തിച്ചത്. 14 ദിവസത്തെ കരുതൽ നിരീക്ഷണത്തിനാണ് ഇവരെ ദില്ലി ചാവ്‌ലയിലെ ക്യാമ്പിൽ എത്തിച്ചത്. 

അതേസമയം 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവു എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു. കാസർകോട് റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.

ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളിൽ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. കോറോണ ബാധിതരായ മൂന്ന് പേരെയും ആദ്യഘട്ടത്തിൽ തന്നെ ഐസൊലേഷൻ വാർഡിൽ എത്തിക്കാനായതാണ് രോഗം പടരാതിരിക്കുന്നതിൽ നിർണ്ണായകമായത്. രോഗബാധിതരുടെ സ്ഥിതി മെച്ചപ്പെട്ട് വരികയാണ്. എന്നാൽ  ജാഗ്രത കുറച്ചുദിവസത്തേക്കു കൂടി തുടരേണ്ടതുണ്ട് .