ഇംഫാൽ: മണിപ്പൂരിൽ ബിജെപി സർക്കാർ പ്രതിസന്ധിയിൽ. മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു. ഇതുകൂടാതെ ആറ് എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തു. നാഷണൽ പീപ്പീൾസ് പാർട്ടിയിലെ മൂന്ന് മന്ത്രിമാരുൾപ്പെടെ നാല് എംഎൽഎമാരും ഒരു തൃണമൂൽ എംഎൽഎയും ഒരു സ്വതന്ത്രനുമാണ് പിന്തുണ പിൻവലിച്ചത്. 

60 അംഗ സഭയിൽ 21 സീറ്റ് നേടിയ ബിജെപി മറ്റ് പാർട്ടികളുടെ പിന്തുണയോടെയാണ് ഭരണം പിടിച്ചത്. ഭരണ മുന്നണി വിട്ടുവന്നരെ ചേർത്ത് സഖ്യം ഉണ്ടാക്കുമെന്നും ഇന്ന് ഗവർണറെ കാണുമെന്നും പ്രതിപക്ഷ നേതാവ് ഇബോബി സിംഗ് അറിയിച്ചു. വെള്ളിയാഴ്ച രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിരേൻ സിംഗ് സർക്കാരിന്റെ ഭാവി തുലാസിലായത്.