തെലങ്കാനയിൽ കളംപിടിക്കാൻ എംപിമാരെ സ്ഥാനാർത്ഥികളാക്കി ബിജെപി, മുഖ്യമന്ത്രിയെ നേരിടുക കൂറുമാറിയെത്തിയ എംഎൽഎ
രാജാ സിംഗിനെ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. പട്ടിക പുറത്തിറക്കും മുൻപ് സസ്പെൻഷൻ പിൻവലിച്ചു

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിമാരെ ഇറക്കി കളംപിടിക്കാന്‍ ബിജെപി. ആദ്യ ഘട്ട പട്ടിക പ്രകാരം മൂന്ന് എംപിമാര്‍ സ്ഥാനാര്‍ത്ഥികളാണ്. 52 പേരുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് ബിജെപി പുറത്തുവിട്ടത്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയ് എംപി കരിംനഗറിലും അരവിന്ദ് ധർമ്മപുരി എംപി കൊരട്ടലെയിലും മത്സരിക്കും. മറ്റൊരു എംപിയായ സോയം ബാപ്പുറാവു ആദിലാബാദിൽ നിന്ന് ജനവിധി തേടും.
മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ഗജ്‍വേലിയില്‍ നേരിടാന്‍ ബിആർഎസിൽ നിന്നും കൂറുമാറിയെത്തിയ എംഎൽഎ ഈട്ടല രാജേന്ദറിനെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ഈട്ടല രാജേന്ദര്‍ ഗജ്‍വേലിക്ക് പുറമേ ഹുസൂറബാദിലും മത്സരിക്കും. പ്രവാചകനിന്ദ നടത്തിയ എംഎൽഎ രാജാ സിംഗിനും സീറ്റ് നൽകി. നിലവിൽ പ്രതിനിധീകരിക്കുന്ന ഘോഷമഹലിൽ തന്നെ ഇദ്ദേഹം മത്സരിക്കും. രാജാ സിംഗിനെ പ്രവാചക നിന്ദയുടെ പേരിൽ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കും മുൻപ് സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി വാർത്താക്കുറിപ്പിറക്കി. 10 സ്ത്രീകള്‍ക്ക് ബിജെപി സീറ്റ് നൽകിയിട്ടുണ്ട്.
യൂ ട്യൂബ് ചാനലിലൂടെയാണ് രാജാ സിംഗ് കഴിഞ്ഞ വര്‍ഷം പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പിന്നാലെ പൊലീസ് എംഎല്‍എയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ രാജാ സിംഗിന് അനുയായികള്‍ വന്‍ സ്വീകരണം നല്‍കി. അതേസമയം രാജാ സിംഗിനെതിരെ വന്‍ പ്രതിഷേധവുമുണ്ടായി.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇസ്ലാമിക രാജ്യങ്ങളാകുമെന്ന് രാജാ സിംഗ് ഈ വര്‍ഷം മാര്‍ച്ചില്‍ പരാമര്‍ശം നടത്തിയിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്നും അദ്ദേഹം പ്രസ്താവിച്ചു. തുടർന്നും തെലങ്കാന പൊലീസ് രാജാ സിംഗിനെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തൽ, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നിരന്തരമായി വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന നേതാവാണ് രാജാ സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം