Asianet News MalayalamAsianet News Malayalam

ആന്ധ്രക്ക് ഇനി മൂന്ന് തലസ്ഥാനം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

അമരാവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച 2014 ലെ ചട്ടം റദാക്കിക്കൊണ്ടാണ്  ജഗന്‍ മോഹന്‍ റെഢി മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്. 

three capitals for andhra pradesh
Author
Hyderabad, First Published Jan 20, 2020, 12:14 PM IST

ഹൈദരാബാദ്: ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വിശാഖപട്ടണം, അമരാവതി, കുർണൂൽ എന്നിവയാണ് ഇനി ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനങ്ങളാവുക.  നിയമനിര്‍മാണ സഭ അമരാവതിയില്‍ ആയിരിക്കും. സെക്രട്ടേറിയറ്റ് വിശാഖപ്പടണത്തും ഹൈക്കോടതി കര്‍ണൂലിലും ആയിരിക്കും. അമരാവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച 2014 ലെ ചട്ടം റദാക്കിക്കൊണ്ടാണ്  ജഗന്‍ മോഹന്‍ റെഢി മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്.

അമരാവതിയിൽ നിന്ന് തലസ്ഥാനം മാറ്റുന്നതിലുള്ള എതിർപ്പ് രൂക്ഷമായി തുടരുന്നതിനിടെയാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. തലസ്ഥാനം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം അറസ്റ്റ് വരിച്ചിരുന്നു. വിജയവാഡയിൽ പദയാത്ര നടത്തിയ  നായിഡുവിനെയും മകൻ നാരാ ലോകേഷിനെയും സിപിഐ, സിപിഎം നേതാക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

അമരാവതിയില്‍ ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്താണ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായ്‍ഡു തലസ്ഥാനനഗരത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. ഹൈക്കോടതിയടക്കം ഇവിടെ പ്രവര്‍ത്തിച്ചുതുടങ്ങി. മറ്റ് കെട്ടിടങ്ങളുടെ നിര്‍മ്മാണം ഇപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.  കര്‍ഷകരാണ് തുടക്കത്തില്‍ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്. പിന്നീട് പ്രതിപക്ഷകക്ഷികളും തലസ്ഥാനവിഭജനത്തിനെതിരെ പ്രതിഷേധവുമായി എത്തി. 

Follow Us:
Download App:
  • android
  • ios