ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേരും വിദേശികളാണ്. ചെന്നൈയിലെത്തിയ രണ്ട് തായ്‌ലന്റ് സ്വദേശികൾക്കും ഒരു ന്യൂസിലാന്റ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ആറായി ഉയർന്നു.

തമിഴ്‌നാട്ടിൽ തലസ്ഥാനമായ ചെന്നൈയിലെ മറീന ബീച്ച് അടച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ സന്ദർശകർക്ക് പൂർണ വിലക്ക്. തിരുവാൺമിയുർ ഉൾപ്പടെ ചെന്നൈയിലെ മറ്റ് ബീച്ചുകളിലും സന്ദർശകർക്ക് വിലക്കുണ്ട്. 

കർണ്ണാടകത്തിൽ മൂന്ന് പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 18 ആയി. ഗുജറാത്തിൽ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ആയി. ഗുജറാത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ദില്ലി സർക്കാരിന്റെ എല്ലാ വാർത്താ സമ്മേളനങ്ങളും ഡിജിറ്റൽ രൂപത്തിലാക്കി. നേരിട്ടുള്ള വാർത്താ സമ്മേളനങ്ങൾ റദ്ദാക്കി. ദില്ലി എയിംസിൽ ഒ പി വിഭാഗത്തിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തി. അത്യാഹിത കേസുകൾ മാത്രമായി പരിഗണിക്കാൻ നിർദ്ദേശം. സർജറികളിൽ അടക്കം അത്യാഹിത കേസുകൾ മാത്രം പരിഗണിക്കും.

കൊവിഡ് ബാധ സംശയിച്ച ഉത്തർ പ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗിന്റെ പരിശോധന ഫലം നെഗറ്റീവാണ്. ഇതോടെ മന്ത്രിയുമായി സമ്പർക്കം പുലർത്തിയ 28 പേർക്കും രോഗമില്ലെന്ന് ഉറപ്പായി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക