ശ്രീലങ്കയിൽ പണപ്പെരുപ്പവും വിലക്കയറ്റവും ക്ഷാമവും അക്രമവും സുരക്ഷാസേനയുടെ നടപടികളും തുടരുന്നതിനിടെ കൂടുതൽ പേർ സുരക്ഷയേതുമില്ലാത്ത പഴഞ്ചൻ ബോട്ടുകളിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം തുടരുകയാണ്.
ചെന്നൈ: മൂന്ന് ശ്രീലങ്കൻ (Sri Lanka) അഭയാർത്ഥികൾ കൂടി തമിഴ്നാട് തീരത്തെത്തി. അമ്മയും രണ്ട് കുട്ടികളുമാണ് ധനുഷ്കോടിയിൽ എത്തിയത്. തമിഴ് ഭൂരിപക്ഷ പ്രദേശമായ മട്ടക്കലപ്പ് നിന്നാണ് ഇവരെത്തിയത്. ഇതോടെ ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികളുടെ എണ്ണം 42 ആയി. ധനുഷ്കോടിയിലെത്തിയ ഇവരെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി.
ജോലിയില്ല, പണമില്ല, കുട്ടികൾക്ക് കൊടുക്കാൻ ഭക്ഷണമില്ല, എന്തെങ്കിലും കിട്ടിയാൽ പാചകം ചെയ്യാൻ ഗ്യാസില്ല.. അതുകൊണ്ടാണ് കുഞ്ഞുങ്ങളേയും കൂട്ടി കിട്ടിയ ബോട്ടിൽ കയറി കടൽ കടന്നെത്തിയ വർഷിണി പറയുന്നു. ഈ കഷ്ടപ്പാടുകൾക്കെല്ലാമിടയിൽ രണ്ട് ലക്ഷം ശ്രീലങ്കൻ രൂപ സംഘടിപ്പിച്ച് അനധികൃത കടത്തുകാർക്ക് നൽകിയാണ് ഇവര്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടത്. തമിഴ് ഭൂരിപക്ഷ പ്രദേശമായ മട്ടക്കലപ്പിൽ നിന്നാണ് ഇവരെത്തിയത്. ധനുഷ്കോടിയിൽ തീരദേശ പൊലീസിന്‍റെ പിടിയിലായ ഇവരെയും കുട്ടികളേയും മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി.
ശ്രീലങ്കയിൽ പണപ്പെരുപ്പവും വിലക്കയറ്റവും ക്ഷാമവും അക്രമവും സുരക്ഷാസേനയുടെ നടപടികളും തുടരുന്നതിനിടെ കൂടുതൽ പേർ സുരക്ഷയേതുമില്ലാത്ത പഴഞ്ചൻ ബോട്ടുകളിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം തുടരുകയാണ്. തമിഴ് അഭയാർത്ഥികളെ സംരക്ഷിക്കും എന്ന തമിഴ്നാട് സർക്കാരിന്‍റെ നിലപാടാണ് അപകടസാധ്യതയേറെയാണെങ്കിലും ബോട്ട് യാത്രയിൽ ഭാഗ്യം പരീക്ഷിക്കാൻ ഇവർക്ക് പ്രേരണ. പാക് കടലിടുക്കിലും രാമേശ്വരം തീരത്തെ ഒറ്റപ്പെട്ട ദ്വീപുകളിലും തീരസംരക്ഷണസേനയുടെ നിരീക്ഷണവും ശക്തമായി തുടരുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയിൽ പ്രതിഷേധക്കാർക്കുനേരെ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു
ശ്രീലങ്കയിൽ സാമ്പത്തിക തകർച്ചയിൽ പ്രതിഷേധിച്ചവർക്കുനേരെ നടന്ന പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നെന്ന് റിപ്പോർട്ട്. ശ്രീലങ്കൻ പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ധനക്ഷാമത്തിലും ഉയർന്ന വിലയിലും പ്രതിഷേധിച്ച് സെൻട്രൽ ടൗണായ റമ്പൂക്കാനയിൽ ഹൈവേ ഉപരോധിച്ച ജനക്കൂട്ടത്തിന് നേരെയാണ് പൊലീസ് വെടിവെച്ചതെന്ന് ആശുപത്രി, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫിസിന് പുറത്ത് പ്രതിഷേധം തുടരുകയാണ്. മരുന്നുകളുടെയും ഉപകരണങ്ങളുടെയും കടുത്ത ക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിലെ കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർമാരും ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ശ്രീലങ്ക ഐഎംഎഫുമായി ചർച്ചക്ക് തയ്യാറെടുക്കവെയാണ് പ്രതിഷേധം കനക്കുന്നത്. പെട്രോൾ റീട്ടെയിൽ വില 65 ശതമാനത്തോളം വർധിപ്പിച്ചതിന് പിന്നാലെ നിരവധിപേർ എതിർപ്പുമായി രംഗത്തെത്തി.
പ്രതിഷേധക്കാർ പലയിടങ്ങളിലും റോഡ് തടയുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. ജനരോഷം കണക്കിലെടുത്ത് മുഴുവൻ മന്ത്രിമാരും രാജിവെച്ച് പുതിയ കാബിനറ്റ് ചുമതലയേറ്റിരുന്നു. ഐഎംഎഫിൽ നിന്ന് മൂന്ന് മുതൽ നാല് ബില്യൺ ഡോളർ വരെയാണ് ശ്രീലങ്ക സഹായം തേടുന്നത്. കൊവിഡ് പാൻഡെമിക് കാരണമാണ് ശ്രീലങ്കയുടെ സാമ്പത്തിക തകർച്ച ആരംഭിച്ചത്. 51 ബില്യൺ ഡോളറിന്റെ വിദേശ കടം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതായി ഗവൺമെന്റ് കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കുകയും വിപണി തകർച്ച തടയാൻ കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിർത്തിവയ്ക്കുകയും ചെയ്തു.
