അനന്തനാഗിലെ കോകെർനാഗിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ സേന ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. മേജറും കേണലും ജമ്മുകശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്‍റുമാണ് വീരമൃത്യു വരിച്ചത്. അനന്തനാഗില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ ഏറ്റുമുട്ടല്‍ നടന്ന രജൗരിയിലും കനത്ത ജാഗ്രത തുടരുന്നുണ്ട്
രജൗരിയില്‍ ഇന്നലെ പുലർച്ചെ മുതലും അനന്തനാഗില്‍ ഇന്ന് രാത്രിയോടുയുമാണ് സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത് . അനന്തനാഗിലെ കോകെർനാഗില്‍ ഉണ്ടായ വെടിവെപ്പില്‍ കേണല്‍ മൻപ്രീത് സിങ്, മേജർ ആഷിഷ് ദോൻചാക്, ജമ്മുകശ്മീര്‍ പൊലീസിലെ ഡിഎസ്പി ഹിമാൻയുൻ മുസമില്‍ ഭട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. മേഖലയില്‍ കനത്ത ഏറ്റുമുട്ടലാണ് നടന്നത്.
വീരമൃത്യു വരിച്ച കേണല്‍ മൻപ്രീത് സിങ് 19 രാഷ്ട്രീയ റൈഫിളിലെ കമാൻറിങ് ഓഫീസറാണ്. ഇന്നലെ ജമ്മുകശ്മീരിലെ രജൗരിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനീകനും വീരമൃത്യു വരിച്ചിരുന്നു. ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉള്‍പ്പെടെ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് . രജൗരിയിലെ ഏറ്റുമുട്ടലില്‍ 21 ആർമി ഡോഗ് യൂണിറ്റിലെ കെന്‍റ് എന്ന നായ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ രണ്ട് ഭീകരെ സൈന്യം വധിച്ചു.
അനന്തനാഗില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ആക്രമണം ഉണ്ടായത്. ജമ്മുകശ്മീരിലെ സമാധാനം നശിപ്പിക്കാൻ പാകിസ്ഥാൻ അതിര്‍ത്തിയിലേക്ക് ഭീകരരെ അയക്കുന്നുവെന്ന് നോർത്തേണ്‍ കമാൻറർ ലിറ്റനന്‍റജ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഏറ്റുമുട്ടല്‍ സാഹചര്യത്തില്‍ രജൗരിയിലും അനന്തനാഗിലും കനത്ത സുരക്ഷ തുടരുകയാണ്.
