പിഎം ശ്രീ പദ്ധതിയെച്ചൊല്ലി തമിഴ്നാടും പശ്ചിമ ബംഗാളും കേന്ദ്രവുമായി നിയമപോരാട്ടത്തിലാണ്. ഫണ്ട് തടഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ച് ഭാഗികമായി ഫണ്ട് നേടിയെടുത്തു. 

ദില്ലി: പിഎം ശ്രീ പദ്ധതിയെ എതിർത്ത് നിയമ പോരാട്ടത്തിലാണ് തമിഴ്നാടും പശ്ചിമ ബം​ഗാളും. തമിഴ്നാടിന് 2152 കോടിയും ബം​ഗാളിന് 1000 കോടിയിലധികം രൂപയുമാണ് കിട്ടാനുള്ളത്. നേരത്തെ പദ്ധതിയിൽ ചേർന്ന പ‍ഞ്ചാബ് പിഎം ശ്രീയിൽനിന്നും പിൻമാറാനും നീക്കം തുടങ്ങി.

രാജ്യത്താകെ പ്രധാനമന്ത്രിയുടെ പേരിൽ 14,500 സ്കൂളുകൾ നവീകരിക്കുന്ന പദ്ധതിയായ പിഎം ശ്രീയിൽ ഇതുവരെ ചേരാത്തത് 3 സംസ്ഥാനങ്ങൾ മാത്രം. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്. ത്രിഭാഷാ നയമടക്കം പുതിയ വിദ്യാഭ്യാസ നയത്തോടുള്ള വിയോജിപ്പാണ് തമിഴ്നാട് വിട്ടുനിൽക്കാനുള്ള പ്രധാന കാരണം. വിദ്യാഭ്യാസ രം​ഗത്ത് മറ്റ് സംസ്ഥാനങ്ങളേക്കാൾ നേട്ടം കൈവരിച്ച ഈ മൂന്ന് സംസ്ഥാനങ്ങൾക്കും പദ്ധതിയിൽ ചേരാത്തതുകൊണ്ടുമാത്രം ഫണ്ട് തടയുന്നത് നിതീകരിക്കാനാകില്ലെന്നാണ് കോൺഗ്രസ് നേതാവ് ദി​ഗ്വിജയ് സിം​ഗ് അധ്യക്ഷനായ വിദ്യാഭ്യാസ പാർലമെന്ററി സമിതി മാർച്ചിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഫണ്ട് ഉടനടി നൽകണമെന്ന സമിതിയുടെ നിർദേശവും കേന്ദ്രം പാടേ അവ​ഗണിച്ചു. 

തമിഴ്നാട് നിയമ പോരാട്ടത്തിൽ

സുപ്രീം കോടതിയെ സമീപിച്ച തമിഴ്നാട് ഇപ്പോഴും നിയമ പോരാട്ടം തുടരുകയാണ്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള സംവരണ സീറ്റുകളിലേക്ക് പോലും പ്രവേശനം നടത്താൻ കേന്ദ്രം ഫണ്ട് തടഞ്ഞതുകൊണ്ട് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് രണ്ടാമതും സുപ്രീം കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിലൂടെ 538 കോടി രൂപ ഈയിടെ നേടിയെടുത്തു. ഇത് വലിയ നേട്ടമായി തമിഴ്നാട് ഉയർത്തിക്കാട്ടുന്നു.

ഒരു കാരണവശാലും പദ്ധതി നടപ്പാക്കില്ലെന്ന കർശന നിലപാടിലാണ് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. 6 തവണ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചിട്ടും കേന്ദ്രമന്ത്രിമാരടക്കം സംസ്ഥാനത്തെത്തി ആവശ്യപ്പെട്ടിട്ടും സർക്കാർ കുലുങ്ങിയിട്ടില്ല. ഫണ്ട് ഇനിയും തടഞ്ഞുവച്ചാൽ ദില്ലിയിൽ വന്ന് ധർണയിരിക്കുമെന്നാണ് മമത പറഞ്ഞത്. എന്നാൽ കേരളം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതോടെ കേന്ദ്രത്തിന് കീഴടങ്ങിയെന്ന വിമർശനം ദേശീയ തലത്തിലും ഉയരാനാണ് സാധ്യത.

അതേസമയം ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ പദ്ധതിയുടെ ഭാ​ഗമാണ്. പിഎം ശ്രീ ഡാഷ് ബോർഡിലെ കണക്ക് പ്രകാരം കേരളത്തിൽ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും (ആകെ 47 സ്കൂളുകൾ) തമിഴ്നാട്ടിൽ 36 കേന്ദ്രീയ വിദ്യാലയങ്ങളും പശ്ചിമ ബം​ഗാളിൽ 46 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും (60 സ്കൂളുകൾ) പിഎം ശ്രീ പദ്ധതിയുടെ ഭാ​ഗമാണ്.

YouTube video player