Asianet News MalayalamAsianet News Malayalam

സുപ്രീംകോടതിയിൽ ഇന്ന് മൂന്ന് സുപ്രധാനവിധികൾ; വിവരാവകാശ നിയമപരിധിയില്‍ ചീഫ് ജസ്റ്റിസ് വരുമോയെന്നും ഇന്നറിയാം

അയോഗ്യരാക്കിയതിനെതിരെ കര്‍ണാടകത്തിലെ 15 എംഎൽഎമാര്‍ നൽകിയ ഹര്‍ജിയിലും ട്രൈബ്യൂണലുകളുമായി ബന്ധപ്പെട്ട കേസിലും ഇന്ന് സുപ്രീംകോടതി വിധി പറയും.
 

three verdicts from supreme court today, including CJI under RTI act
Author
Delhi, First Published Nov 13, 2019, 6:23 AM IST

ദില്ലി: ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമോ എന്നതിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇതുകൂടാതെ അയോഗ്യരാക്കിയതിനെതിരെ കര്‍ണാടകത്തിലെ 15 എംഎൽഎമാര്‍ നൽകിയ ഹര്‍ജിയിലും ട്രൈബ്യൂണലുകളുമായി ബന്ധപ്പെട്ട കേസിലും ഇന്ന് സുപ്രീംകോടതി വിധി പറയും.

ചീഫ് ജസ്റ്റിസിന് കൈമാറുന്ന ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറൽ നൽകിയ ഹര്‍ജിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് തന്നെയാണ് വിധി പറയുന്നത്.  എല്ലാ ജഡ്ജിമാരും സ്വത്തുവിവരങ്ങൾ ഓരോ വര്‍ഷവും ചീഫ് ജസ്റ്റിസിന് കൈമാറണമെന്ന പ്രമേയം 1997ലാണ് പാസാക്കിയത്. 

2007ൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാൾ സുപ്രീംകോടതി രജിസ്ട്രിയിൽ ആര്‍ടിഐ അപേക്ഷ നൽകി. ചീഫ് ജസ്റ്റിസ് ആര്‍ടിഐയുടെ പരിധിയിൽ വരാത്തതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്ട്രി നൽകിയ മറുപടി. ഇതിനെതിരെയായിരുന്നു ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധി. ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമോ എന്ന കേസിലെ വിധി ചീഫ് ജസ്റ്റിസ് തന്നെ പറയാൻ പോകുന്നു എന്ന പ്രത്യേക കൂടി ഈ വിധിക്കുണ്ട്.  

ട്രൈബ്യൂണലുകളെ ദേശീതലത്തിലുള്ള ഒരു സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതിനെതിരെയുള്ള ഹര്‍ജികളിലെ വിധിയാണ് മറ്റൊന്ന്. ട്രൈബ്യൂണൽ അംഗങ്ങളുടെ നിയമനം, ട്രൈബ്യൂണൽ വിധിക്കെതിരെ സുപ്രീംകോടതിയെ മാത്രമെ സമീപിക്കാവൂ എന്ന വ്യവസ്ഥയിലെ മാറ്റമടക്കം നിരവധി വിഷയങ്ങളിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയും. 

കര്‍ണാടകത്തിൽ കൂറുമായിയ 15 എംഎൽഎമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. അതിനെതിരെ എംഎൽഎമാര്‍ നൽകിയ ഹര്‍ജിയിലാണ് മറ്റൊരു വിധി. കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ കര്‍ണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ കോടതിയാണ് കര്‍ണാട കേസിലെ വിധി പറയുക. ശബരിമല പുനഃപരിശോധന ഹര്‍ജികളിലെ വിധി നാളെ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിലെ അന്തിമതീരുമാനം ഇന്ന് വൈകീട്ടുണ്ടാകും. 

Follow Us:
Download App:
  • android
  • ios